ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

തടവുകാർക്ക് കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നതിനായി ചിക്കനും മുട്ടയും കൊടുക്കുന്നത് പരിഗണിക്കുമെന്നും ജയിൽ അധികൃതർ
Mutton likely to be out of Kerala jail menu

ജയിൽ മെനു പരിഷ്കരിക്കും.

പ്രതീകാത്മക ചിത്രം

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണത്തിന്‍റെ മെനുവിൽ മാറ്റം വരും. മട്ടൻ പോലുള്ള റെഡ് മീറ്റുകൾ ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുന്നതിനാലും വില കൂടുതലായതിനാലും അവ ഒഴിവാക്കാനാണ് ജയിൽവകുപ്പിന്‍റെ ആലോചന.

100 ഗ്രാം മട്ടനാണ് ഒരാൾക്ക് ഒരു ദിവസം കൊടുക്കുന്നത്. ശാരീരികക്ഷമതയില്ലാത്ത ആളുകള്‍ക്ക് അതുകൊണ്ട് ഗുണമില്ലെന്നും നിലവിലുള്ള ഭക്ഷണം ജീവിതശൈലീ രോഗങ്ങൾ വ്യാപിപ്പിക്കുന്നെന്നുമാണ് വിലയിരുത്തൽ. ഒപ്പം ചെലവും കൂടുതലാണ്. ഇത് കണക്കിലെടുത്താണ് ഭക്ഷണം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പഠിച്ച് റിപ്പോർട്ട് തയാറാക്കിയശേഷം സർക്കാരിനു കൈമാറും. തടവുകാർക്ക് കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നതിനായി ചിക്കനും മുട്ടയും കൊടുക്കുന്നത് പരിഗണിക്കുമെന്നും ജയിൽ അധികൃതർ അറിയിച്ചു.

ജയിലുകളുടെ പേരു മാറ്റുന്നത് സംബന്ധിച്ച റിപ്പോർട്ടും സർക്കാരിനു നൽകും. വിദേശരാജ്യങ്ങളിൽ ജയിലിനെ കറക്‌ഷൻ ഹോം എന്നാണ് പറയുന്നത്. ഇതെല്ലാം മാറ്റം വരുത്തണമെന്നതാണ് സർക്കാർ തീരുമാനം.ജയിലിലെ സിസിടിവി നിരീക്ഷണത്തിന് സിസിടിവി ക്യാമറ സംവിധാനം വ്യാപിപ്പിക്കും. ഇതിൽ എഐ സാങ്കേതിക വിദ്യകൂടി സംയോജിപ്പിച്ച് തയാറാക്കുമെന്നും അധികൃതർ പറ‍യുന്നു.

എഐ സംവിധാനമായതിനാൽ 20 പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ശ്രദ്ധിക്കും. ഡ്രോൺ ഉപയോഗിച്ച് ജയിലിന്‍റെ മതിലുകൾ ചിത്രീകരിക്കും. മതിലിനു പുറത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും വസ്തു എറിഞ്ഞാൽ ജയിൽ സൂപ്രണ്ടിന് മുന്നറിയിപ്പ് സന്ദേശം ലഭിക്കും.

ബ്ലോക്കിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനും സന്ദേശം ലഭിക്കും. ഇങ്ങനെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്ന സുരക്ഷാ ഭീഷണിയുള്ള കാര്യങ്ങൾക്കെല്ലാം അലർട്ട് ലഭിക്കും. ഇതിലൂടെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയും. ഉദ്യോഗസ്ഥരെ കൂടുതലായി കറക്‌ഷണൽ സേവനത്തിന് ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com