മോദിക്ക് വര്‍ഗീയ ഭ്രാന്ത്: എം.വി. ഗോവിന്ദൻ

ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതാണ് സംഘപരിവാറിന്‍റെ ഇടപെടലുകളോരൊന്നും. വിദ്വേഷ പ്രസംഗത്തില്‍ ഇലക്‌ഷന്‍ കമ്മിഷന്‍റെ ഇടപെടല്‍ അതിനുദാഹരണമാണ്
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻfile

തിരുവനന്തപുരം: നരേന്ദ്ര മോദിക്ക് വര്‍ഗീയ ഭ്രാന്താണെന്നും സാധാരണ ആര്‍എസ്എസ് നിലവാരത്തിലേക്ക് പ്രധാനമന്ത്രി മാറിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒന്നാംഘട്ട തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമാണ് മോദിക്ക് ഭ്രാന്ത് കൂടിയത്. രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദവിയിരുന്നുകൊണ്ട് പച്ചയായ വര്‍ഗീയത പറയുകയും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയുമാണ് മോദി- ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതാണ് സംഘപരിവാറിന്‍റെ ഇടപെടലുകളോരൊന്നും. വിദ്വേഷ പ്രസംഗത്തില്‍ ഇലക്‌ഷന്‍ കമ്മിഷന്‍റെ ഇടപെടല്‍ അതിനുദാഹരണമാണ്. മോദിയും സംഘവും ചേര്‍ന്നാണ് കമ്മിഷനിലെ അംഗങ്ങളെ തീരുമാനിച്ചത്. അവര്‍ക്കെങ്ങനെ ഭരണഘടനയോട് നീതിപുലര്‍ത്താനാകും. അവര്‍ മോദി ഭക്തരാണ്. ബിജെപിക്കെതിരേ ചെറുവിരലനക്കാന്‍ അവര്‍ക്കാകില്ല. ഭരണസംവിധാനങ്ങളെ ബിജെപിയുടെ അധീനതയിലാക്കിയതിന്‍റെ അവസാന ഉദാഹരണമാണ് ഇലക്ഷന്‍ കമ്മിഷനെന്നും ഗോവിന്ദന്‍. ‌

കെ.കെ. ശൈലജയ്ക്ക് എതിരെയുള്ള അശ്ലീല പ്രചരണം യുഡിഎഫിന്‍റെ നീക്കമാണ്. ഈ പ്രവൃത്തിയെ വി.ഡി. സതീശനും ഷാഫി പറമ്പിലും പുകഴ്ത്തുകയാണെന്നും ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കുമെന്ന് കരുതണ്ടാ. അശ്ലീലപ്രചരണത്തിലൂടെ കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ ജയിക്കാമെന്ന പ്രതീക്ഷ വേണ്ട. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന രാഹുലിന്‍റെ ആവശ്യം പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ മുഖ്യമന്ത്രിമാരെ അറസ്റ്റിലാക്കി ജയിലിലാക്കിയതിന്‍റെ മറ്റൊരു പതിപ്പാണ്.

രാജ്യം നിലനില്‍ക്കണമോ എന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിനെ വളരെ ലാഘവത്തോടെയാണ് കോണ്‍ഗ്രസ് സമീപിക്കുന്നത്. പരിഹാസ്യമായ അവസ്ഥയാണ് കോണ്‍ഗ്രസിന്‍റേത്. പ്രകടനപത്രികയില്‍ സിഎഎ റദ്ദാക്കുമെന്ന് ഇടതുപക്ഷം പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അത് പറയാത്തത് മൃദു ഹിന്ദുത്വത്തോടുള്ള ഐക്യപ്പെടലാണ്. ഫണ്ട് തട്ടിപ്പ് കോണ്‍ഗ്രസിന്‍റെ കുത്തകയാണെന്ന് കരുതുന്നവരെ എന്ത് ചെയ്യാനാണെന്നും അദ്ദേഹം. രാഹുല്‍ ഗാന്ധിക്കെതിരായ പി.വി. അന്‍വറിന്‍റെ പ്രസ്താവന, ഇങ്ങോട്ട് അടിച്ചാല്‍ അങ്ങോട്ട് തിരിച്ചടി കിട്ടുമെന്നള്ളതിന്‍റെ സൂചനയാണെന്നും രാഷ്‌ട്രീയ ഡിഎന്‍എയെ കുറിച്ചാണ് അന്‍വര്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇടതു മുന്നണി ഇക്കുറി പുതിയ ചരിത്രം രചിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാനായി മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇന്ത്യയെ സംരക്ഷിക്കാനായി ബിജെപിയെ പുറത്താക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് കേരളമായിരിക്കുമെന്നും ഗോവിന്ദൻ. മാധ്യമങ്ങളാണ് വ്യാജ സര്‍വേ ഫലം പുറത്തുവിട്ടുകൊണ്ട് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. പണം നല്‍കി സ്വാധീനിക്കാനാകുന്ന ജനതയല്ല കേരളത്തിലുള്ളതെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണമെന്നും ഗോവിന്ദൻ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com