സുധാകരനെ വിളിച്ചത് പോക്സോ കേസിൽ ചോദ്യം ചെയ്യാനെന്ന് ഗോവിന്ദന്‍; ആരോപണം തള്ളി ക്രൈംബ്രാഞ്ച്

തട്ടിപ്പു കേസിലാണ് സുധാകരനെ ചേദ്യം ചെയ്തത്. ആരോപണങ്ങളിൽ വ്യക്തത വരുത്തി ക്രൈംബ്രാഞ്ച്'
സുധാകരനെ വിളിച്ചത് പോക്സോ കേസിൽ ചോദ്യം ചെയ്യാനെന്ന്  ഗോവിന്ദന്‍; ആരോപണം തള്ളി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ മോൻസൻ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴിയെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചതെന്നുമാണ് ഗോവിന്ദൻ ആരോപിച്ചത്. ഒരാൾക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങൾക്ക് താത്പര്യമില്ല. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നതാണ് വാർത്ത. ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമായ കാര്യങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗോവിന്ദന്‍റെ ആരോപണങ്ങളെ തള്ളി ക്രൈംബ്രാഞ്ച് രംഗത്തെത്തി. തട്ടിപ്പു കേസിലാണ് സുധാകരനെ ചേദ്യം ചെയ്തത്. കേസിൽ അതിജീവിത സുധാകരന്‍റെ പേര് പരാമർശിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കോടതി രേഖകളിലും സുധാകരന്‍റെ പേര് പരാമർശിച്ചിട്ടില്ല.

2019 ജൂലൈ 25 നാണ് മോൻസൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. സുധാകരൻ മോൻസന്‍റെ വീട്ടിലെത്തുന്നത് 2018 നവംബറിലെന്നും അന്വേഷണസംഘം പറഞ്ഞു.

ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിനു മോൻസൻ മാവുങ്കലിനെ എറണാകുളം പോക്സോ പ്രത്യേക കോടതി ജീവിതാവസാനം വരെ കഠിനതടവിനു ശിക്ഷിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com