''ഗണപതി മിത്താണെന്നോ അല്ലാഹു മിത്തല്ലെന്നോ പറഞ്ഞിട്ടില്ല, നടക്കുന്നത് കള്ളപ്രചരണം'', എം.വി. ഗോവിന്ദൻ

''സുരേന്ദ്രന്‍ വിശ്വാസിയല്ല. അത് ശബരിമലയില്‍ ഇരുമുടിക്കെട്ട് താഴേക്ക് എറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ''
M V Govindan
M V Govindan
Updated on

തിരുവനന്തപുരം: ഗണപതി മിത്താണെന്നോ അല്ലാഹു മിത്തല്ലെന്നോ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

''പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം'' എന്നതാണ് മിത്തായി ചൂണ്ടിക്കാട്ടിയത്. ഗണപതിയും അല്ലാഹുവുമെല്ലാം വിശ്വാസികളുടെ വിശ്വാസ പ്രമാണത്തിന്‍റെ ഭാഗമാണ്. പിന്നെന്തിനാണ് ഞങ്ങളതിനെ മിത്തായി വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗണപതി മിത്താണെന്ന് ഷംസീർ പറഞ്ഞിട്ടില്ലെന്നും മറിച്ചു നടക്കുന്നത് കള്ളപ്രചരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശനും കെ. സുരേന്ദ്രനും ഒരേ അഭിപ്രായമാണു കഴിഞ്ഞ കുറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. സിപിഎമ്മാണ് വർഗീയതയ്ക്കു കൂട്ടുനിൽക്കുന്നതെന്ന അസംബദ്ധ പ്രചാരവേല കുറെക്കാലമായി സതീശൻ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗോവിന്ദൻ.

തികഞ്ഞ വര്‍ഗീയസമീപനം സുരേന്ദ്രന്‍റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പൊന്നാനിയില്‍ നിന്നാണോ വന്നതെന്ന കെ. സുരേന്ദ്രന്‍റെ ചോദ്യം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. ഒരുവര്‍ഗീയവാദിയുടെ ഭ്രാന്തിന് മറുപടി പറയേണ്ടതില്ലാത്തതുകൊണ്ടാണ് അവഗണിച്ചത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി പലവേദികളും ഇക്കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്ന വേദികളൊന്നും അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യപ്രാപ്തിയിലെത്താന്‍ പറ്റില്ല.

സുരേന്ദ്രന്‍ വിശ്വാസിയല്ല. അത് ശബരിമലയില്‍ ഇരുമുടിക്കെട്ട് താഴേക്ക് എറിഞ്ഞപ്പോള്‍ താന്‍ പറഞ്ഞിട്ടുണ്ട്. ഒരു വര്‍ഗീയ വാദിക്കും വിശ്വാസമില്ല. വര്‍ഗീയവാദി വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നു. കപടവിശ്വാസത്തിന്‍റെ പേര് പറഞ്ഞ് വര്‍ഗീയത പ്രചരിപ്പിക്കുന്ന ഇവരോടല്ല തങ്ങളുടെ കൂറ് പകരം യഥാര്‍ഥ വിശ്വാസികളോടാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com