എഐ ക്യാമറ: അഴിമതിയില്ല, വിവാദങ്ങൾ അനാവശ്യമെന്ന് എം.വി. ഗോവിന്ദൻ

ഏതെങ്കിലും ഒരു മന്ത്രിയല്ല പദ്ധതിക്ക് അനുമതി നൽകിയത്, മന്ത്രിസഭയാണ്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത് അനുസരിച്ചാണ് പദ്ധതി തയാറാക്കിയത്
എഐ ക്യാമറ: അഴിമതിയില്ല, 
വിവാദങ്ങൾ അനാവശ്യമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എഐ ക്യാമറ വിവാദം കൊഴുക്കുന്നതിനിടെ പ്രതികരണവുമായി സിപിഎം രംഗത്ത്. ക്യാമറയുമായി ബന്ധപ്പെട്ട് നയാപൈസയുടെ അഴിമതിയും നടന്നിട്ടില്ലെന്നും പുകമറ ഉണ്ടാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

100 കോടിയെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോൾ മുൻ പ്രതിപക്ഷനേതാവ് 130 കോടിയെന്നാണ് പറയുന്നത്. കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിനു വേണ്ടിയുള്ള വടം വലിയാണ് നടക്കുന്നത്. ആദ്യം കോൺഗ്രസിലെ തർക്കത്തിന് പരിഹാരമുണ്ടാക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.

ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. കരാറിന്‍റെ രണ്ടാം ഭാഗം വായിച്ചാൽ അത് വ്യക്തമാവും. പ്രസാഡിയോയ്ക്ക് റോഡ് ക്യാമറയുമായി യാതൊരു ബന്ധവുമില്ല. ഉപകരാർ ഉണ്ടാക്കിയത് കെൽട്രോണാണ്. അതിന്‍റെ ഉത്തരവാദിത്വം സർക്കാരിനല്ല. കെൽട്രോൺ ഒന്നും മറച്ചു വച്ചിട്ടില്ല. കെൽട്രോണിനെ തകർക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം. വിവരാവകാശ പ്രകാരം മാസങ്ങൾക്കുമുൻപു തന്നെ ചോദ്യങ്ങൾക്കും മറുപടി നൽകിയതാണെന്നും ഉപകരാറുകളെല്ലാം നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു മന്ത്രിയല്ല പദ്ധതിക്ക് അനുമതി നൽകിയത്, മന്ത്രിസഭയാണ്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീം കോടതി നിർദേശിച്ചത് അനുസരിച്ചാണ് പദ്ധതി തയാറാക്കിയത്. കെൽട്രോൺ ഡിപിആർ തയാറാക്കി. 232.25 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. 5 വർഷത്തെ മെയിന്‍റനൻസിന് 56.24 കോടി , ജിഎസ്ടി 35.76 കോടി. ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിനാണ്. ആവശ്യമായ സോഫറ്റ്‌വെയർ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. സംസ്ഥാനത്താകെ 726 ക്യാമറകൾ സ്ഥാപിച്ചു. കുറ്റമറ്റ സേവനമാണ് കെൽട്രോണിൽ നിന്നുമുള്ളത്.

അനാവശ്യ വിവാദങ്ങളിലേക്ക് കെൽട്രോണിനെയും സർക്കാരിനെയും വലിച്ചിഴയ്ക്കുകയാണ്. ഡാറ്റകളുടെ സുരക്ഷ കെൽട്രോണിന്‍റെ ഉത്തരവാദിത്വമാണ് അവർ അത് നിർവഹിക്കുന്നു എന്നും ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ക്ഷുഭിതനായ എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രിക്കെതിരെ പറയുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്നും ആവർത്തിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com