mv govindan on cyber attack against kj shine

എം.വി. ഗോവിന്ദൻ

''വലിയ ബോംബ് വരുമെന്നു പറഞ്ഞപ്പോൾ ഇതാവുമെന്നു കരുതിയില്ല'', ആരോപണങ്ങൾ നിയമപരമായി നേരിടുമെന്ന് എം.വി. ഗോവിന്ദന്‍

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി
Published on

തിരുവനന്തപുരം: പാർട്ടിയിലെ വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ വലതുപക്ഷ ശക്തികൾ സ്ത്രീകൾക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവർത്തികൾ ആധുനിക സമൂഹത്തിന് യോജിക്കുന്നതല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം. മുൻപ് ശൈലജ ടീച്ചർക്കെതിരേയും വീണാ ജോർജിനെതിരേയും ആര്യ രാജേന്ദ്രനെതിരേയുമെല്ലാം ഇത്തരം സൈബർ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. സൈബറിടങ്ങൾ രാഷ്ട്രീയ വിമർശനത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അത് സ്ത്രീകളെ തേജോവധം ചെയ്യാൻ ഉപയോഗിക്കുന്നത് തരംതാണ പ്രവർത്തിയാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.

ഒരു ബോംബ് പൊട്ടിക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് വി.ഡി. സതീശൻ പറഞ്ഞപ്പോൾ ഇതായിരിക്കുമെന്നു കരുതിയില്ല. പറവൂർ കേന്ദ്രീകരിച്ചാണ് ആരോപണങ്ങൾ. നാല് എംഎൽഎമാർ സംശയനിഴലിലായി. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഇത്തരമൊരു ഗൂഢാലോചനയ്ക്കു പിന്നിൽ സതീശനാണെന്ന് പാർട്ടി പറയുന്നില്ല. എന്നാൽ‌, സതീശനറിയാതെ കോൺഗ്രസ് സൈബറിടങ്ങൾ ഇത്തരം നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒരു ആഭ്യന്തര പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ല. എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത് അവർ അവരുടെ വികാരം പ്രകടിപ്പിച്ചതാണ്. രാഹുൽ ഇങ്ങനെ തുടരുന്നത് തന്നെയാണ് സിപിഎമ്മിനു നല്ലത്. കേരളത്തിലെ സാംസ്കാരിക ജീർണതയുടെ പ്രതീകമായി രാഹുൽ മാറിയിട്ടുണ്ട്. കോൺഗ്രസിനെ ഇനി ആർക്കും രക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com