ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെ നേരിടാൻ വരണ്ട, വഴങ്ങാൻ മനസ്സില്ല: എം.വി. ഗോവിന്ദൻ

തൃശൂരിൽ സിപിഎം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അഴിക്കോടൻ രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ

തൃശൂർ: കരുവന്നൂർ ബാങ്കിന്‍റെ പേരിൽ ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെതിരേ വന്നാൽ അതിനെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം അംഗീകരിക്കില്ല. തെറ്റു തിരുത്തിക്കും. ബിജെപിയും കോൺഗ്രസും ചേർന്ന് സിപിഎമ്മിനെ അക്രമിക്കാൻ നോക്കണ്ട. ഉത്തരേന്ത്യയിൽ നിന്നു വന്ന ഇഡി ഉദ്യോഗസ്ഥരാണ് മർദിച്ച് മൊഴിയെടുക്കുന്നത്. ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെ നേരിടാൻ വരണ്ട. വഴങ്ങാൻ മനസ്സില്ല. കേരളത്തിൽ ഇഡിയെ അനുകൂലിക്കുകയാണ് കോൺഗ്രസ്. സിപിഎം വഴങ്ങില്ല. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ സിപിഎം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അഴിക്കോടൻ രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

പിന്തിരിഞ്ഞുപോകുന്നവരല്ല സിപിഎമ്മുകാർ. അഴീക്കോടനെ കൊന്നിട്ടും തകരുമെന്ന് രാഷ്‌ട്രീയ പ്രതിയോഗികൾ വിചാരിച്ചെങ്കിലും ശക്തമായി വളരുകയായിരുന്നു കമ്മ്യുണിസം. കമ്മ്യുണിസ്റ്റുകാർ പച്ചമനുഷരാണ്. സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ രാജ്യത്തിന്‍റെ പേര് മാറ്റി ഭാരതമാക്കി മാറ്റിയത് ആരാണ്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാക്കിയപ്പോൾ ആർ‌എസ്എസ് തീരുമാനിച്ചതാണ് ഭാരതം എന്ന പേര്. അംബേദ്കർ ഇട്ട പേരാണ് മാറ്റിയത്. ഭരണഘടനയിലുള്ളത് ഇന്ത്യ എന്നാണ്. സ്വേച്ഛാധിപത്യ നിലപാടിലൂടെയാണ് ഭാരതമെന്ന പേരിട്ടത്. ജി 20 യോഗത്തിൽ ഭാരതമെന്ന പേരിന് പിന്നിലാണ് പ്രധാനമന്ത്രി ഇരുന്നത്. കേന്ദ്രസർക്കാരിന്‍റെ സ്ത്രീ സംവരണം ദുരൂഹം. വരുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള പൊടിക്കൈ മാത്രം. സ്ത്രീകളുടെ വോട്ടിനുവേണ്ടിയുള്ള തട്ടിപ്പാണിത്. ഏക സിവിൽകോഡ് നടപ്പിലാക്കാൻ ബിജെപി ഉദ്യേശിക്കുന്നില്ല. ജനങ്ങളിൽ ഭിന്നിപ്പിണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്നും ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യയിൽ ഏത് സംസ്ഥാനത്തും മണിപ്പൂർ ആവർത്തിക്കാം. ആർഎസ്എസിന്‍റെയും ബിജെപിയുടെയും അജണ്ടയാണിത്. ആർഎസ്എസിന്‍റെ ഏറ്റവും ശത്രുതയുള്ള സംസ്ഥാനം കേരളമാണ്. കോൺഗ്രസ് കേരളത്തിൽ ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലാണ്. ഇതിനെതിരേയുള്ള വിശാലമായ വേദിയാണ് ഇന്ത്യ ഐക്യം. കോഡിനേഷൻ കമ്മിറ്റിയിൽ പങ്കെടുക്കേണ്ടെന്ന സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഐക്യത്തോടെ നിലനിൽക്കാനാണ് പിബിയും കേന്ദ്ര കമ്മിറ്റിയും തീരുമാനിച്ചത്. ബിജെപിയെ താഴെയിറക്കാൻ ഒന്നാം യുപിഎക്ക് പിന്തുണ നൽകിയ പാർട്ടിയാണ് സിപിഎമ്മെന്ന് ആരും മറക്കണ്ട. ആ നിലപാട് ഇന്ത്യ മുന്നണിയിലും ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മുണ്ടാകും.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണ് മത്സരം. ബിജെപി വലിയ കാര്യമായി കേരളത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.