
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിങ് ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. നല്ല രീതിയില്‍ പ്രചാരണം നടത്തിയെന്നും നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആവേശ തിമിര്‍പ്പോടെ ജനം വോട്ട് ചെയ്യുന്നു. ഈസി വാക്ക് ഓവര്‍ ആകുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്, അവര്‍ക്ക് തെറ്റി. കഴിഞ്ഞ 53 വര്‍ഷക്കാലം കോണ്‍ഗ്രസിന്റെ ആധിപത്യം നിലനിര്‍ത്തിയ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് എളുപ്പത്തില്‍ ജയിച്ചുകയറാം എന്നതായിരുന്നു യുഡിഎഫിന്റെ ആദ്യത്തെ ധാരണ. വൈകാരികമായ ഒരു തലത്തില്‍ നിന്ന് ജനങ്ങളൊക്കെ വോട്ട് യുഡിഎഫിന് അനുകൂലമായി നല്‍കുമെന്ന പ്രതീക്ഷയായിരുന്നു അവര്‍ക്ക് ആദ്യം ഉണ്ടായിരുന്നത്.
എന്നാല്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പ് രാഷ്ട്രീയ മേഖലയിലെ പ്രധാന ചര്‍ച്ചാ വിഷയമാകുകയും പുതുപ്പള്ളിയിലെ വികസനവും സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനവും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ വിചാരിക്കുന്നത് പോലെ മണ്ഡലത്തില്‍ വിജയിക്കാനാകില്ല എന്ന കാര്യം അവര്‍ക്ക് മനസിലായിട്ടുണ്ടെന്നും ഗോവിന്ദന് പ്രതികരിച്ചു.