''രാജ്ഭവൻ പൊതു ഇടം''; വർഗീയവത്കരണത്തിന്‍റെ സ്ഥലമാക്കരുതെന്ന് എം.വി. ഗോവിന്ദൻ

ഉറച്ച നിലപാടാണ് വിഷയത്തിൽ സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും അത് ഗവർണറുടെയും രാജ്ഭവന്‍റെയും സമീപനത്തിന് എതിരാണെന്നും ഗോവിന്ദൻ പറഞ്ഞു.
m.v. govindan reacted in bharat mata controversy
എം.വി. ഗോവിന്ദൻ
Updated on

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാജ്ഭവൻ വർഗീയവത്കരണത്തിന്‍റെ സ്ഥലമാക്കരുതെന്നും, ഉറച്ച നിലപാടാണ് വിഷയത്തിൽ സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും, അത് ഗവർണറുടെയും രാജ്ഭവന്‍റെയും സമീപനത്തിന് എതിരാണെന്നും ഗോവിന്ദൻ പറഞ്ഞു.

ഗവർണറുടെ ആസ്ഥാനമായ രാജ്ഭവൻ ഒരു പൊതു ഇടമാണെന്നും അത്തരമൊരു സ്ഥലത്തെ വർഗീയവത്കരിക്കാൻ ഉപയോഗിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി വിരുദ്ധ സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ വർഗീയവത്കരണത്തിന്‍റെ ഉപകരണമായി ഗവർണറെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്ഭവനിൽ നടന്ന പരിപാടിക്കിടെ വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചത്. ഭാരതാംബയുടെ ചിത്രം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ഗവർണറോട് ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഈ ചിത്രം നേരത്തെ തന്നെ സ്ഥാപിച്ചതാണെന്നും മുൻപ് പല പരിപാടികളും ഈ പശ്ചാത്തലത്തിൽ നടന്നിട്ടുണ്ടെന്നും വ്യക്തമാക്കിയ ഗവർണർ ചിത്രം നീക്കം ചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

രാജ്ഭവനിലെ പരിപാടി നടക്കാതെ വന്നതോടെ കൃഷി വകുപ്പിന്‍റെ പരിസ്ഥിതി ദിനാഘോഷം ദർബാർ ഹാളിലേക്ക് മാറ്റി. രാജ്ഭവനിൽ തൈ നട്ട് ഗവർണറും പരിസ്ഥിതി ദിനം ആഘോഷിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com