

എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുലിന്‍റെ രാജി കേരളമൊന്നടങ്കം ആവശ്യപ്പെട്ടതാണെന്നും കോൺഗ്രസിൽ നിന്നുപോലും അത്തരമൊരു ആവശ്യം ഉയർന്നെന്നും ഗോവിന്ദൻ പറഞ്ഞു.
കേട്ടുകേൾവി പോലുമില്ലാത്ത പരാതികളാണ് വരുന്നത്. രാഹുലിനെ കോൺഗ്രസ് എപ്പോഴാണ് പുറത്താക്കിയത്‍? സസ്പെൻഡ് ചെയ്തപ്പോൾ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ കെപിസിസിക്ക് 9 ഓളം പരാതികൾ ലഭിച്ചതായാണ് വാർത്തകൾ വരുന്നത്. ഇതെല്ലാം പാർട്ടി മറച്ചു വയ്ക്കുകയായിരുന്നെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
മുകേഷിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം അന്നും ഇന്നും പാർട്ടി അംഗമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. മുകേഷിനെതിരേ സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല. മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൽ തുടർനടപടി വരുമ്പോൾ നോക്കാമെന്നും ഗോവിന്ദൻ പ്രതികരിച്ചു.