
എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കെതിരേയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘർഷത്തിനു പോകുമ്പോൾ ഇതുപോലെയുണ്ടാകുമെന്നും അത് നേരിടാനുള്ള തന്‍റേടം വേണമെന്നായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.
ആദ‍്യമായിട്ട് ഉണ്ടാകുന്ന കാര‍്യം പോലെയാണ് ഇത് അവതരിപ്പിക്കുന്നതെന്നു പറഞ്ഞ ഗോവിന്ദൻ മുമ്പ് യുഡിഎഫ് ഭരിക്കുന്ന കാലത്ത് പി. കരുണാകരൻ, എ.പി. അബ്ദുള്ള കുട്ടി ഉൾപ്പടെയുള്ള എംപിമാർക്ക് മർദനമേറ്റിട്ടുണ്ടെന്ന് വ‍്യക്തമാക്കി. ഇടതുപക്ഷ പ്രവർത്തകരെ പട്ടിയെ തല്ലുന്നത് പോലെയാണ് അന്ന് തല്ലിയതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കമുണ്ടായതും പൊലീസ് ലാത്തിചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റതും. പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
ഇതിനു ശേഷം പ്രതിഷേധ റാലിയും നടത്തിയിരുന്നു. അതേ സമയം തന്നെ ഡിവൈഎഫ്ഐയും പ്രതിഷേധറാലി നടത്തി. എൽഡിഎഫും യുഡിഎഫും പരസ്പരം ഏറ്റുമുട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടത്. പിന്നീട് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.