മുഖ്യമന്ത്രി സൂര്യനെപ്പോലെയെന്ന പരാമർശം വ്യക്തി പൂജയല്ല, വീണയ്ക്കെതിരേയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതം: എം.വി. ഗോവിന്ദൻ

ഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ എന്ന നിലയിലാണ് വീണ വിജയനെതിരേ അന്വേഷണം തുടരുന്നത്.
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സൂര്യനെപ്പോലെയാണെന്ന പരാമർശത്തിൽ വ്യക്തിപൂജയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയെ തൊടാൻ കഴിയുന്നില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം സൂര്യനെപ്പോലെയാണ് അടുത്തെത്താൻ കഴിയില്ല എന്നു താൻ പറഞ്ഞത്. അതിൽ വ്യക്തിപൂജയില്ല. അതിൽ തെറ്റുണ്ടെന്നു താൻ ഇപ്പോഴും കരുതുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ എന്ന നിലയിലാണ് വീണ വിജയനെതിരേ അന്വേഷണം തുടരുന്നത്. അതു രാഷ്ട്രീയപ്രേരിതമാണ്. രാഷ്ട്രീയ പക പോക്കലിന്‍റെ ഭാഗമായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ഇതിനോടുള്ള കോൺഗ്രസ് നിലപാട് അവസരവാദപദമാണ്. കോൺഗ്രസുകാർക്ക് എതിരേയുള്ള ഇഡി അന്വേഷണങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നാണ് കോൺഗ്രസ് പറയുന്നത്. അതേ സമയം ആം ആദ്മി പാർട്ടിയുടെ നേതാക്കളെ ജയിലിൽ അടച്ചതിനെ അവർ സ്വാഗതം ചെയ്യുന്നുമുണ്ട്. നിലവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. അതു തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിന്‍റെ ഭാഗമാണ്. വീണയ്ക്കെതിരേയുള്ള അന്വേഷണത്തിന്‍റെ കാരണവും മറ്റൊന്നല്ല. അന്വേഷണം നടക്കട്ടെ എന്നാണ് സിപിഎമ്മിന്‍റെ നിലപാട്. അതിൽ ഭയമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എം.ടി. വാസുദേവൻ നായരുടെ പ്രസംഗത്തെക്കുറിച്ചും ഗോവിന്ദൻ പ്രതികരിച്ചു. 20 വർഷം മുൻപെഴുതിയ ലേഖനമാണ് എം.ടി വായിച്ചത്. അന്ന് മുഖ്യമന്ത്രി എ.കെ. ആന്‍റണിയാണ്. അതു പ്രകാരം എ.കെ. ആന്‍റണിയെയാണ് അദ്ദേഹം വിമർശിച്ചതെന്ന് പറയേണ്ടി വരും. പക്ഷേ ആന്‍റണിയെയാണ് വിമർശിച്ചതെന്നതിൽ മാധ്യമങ്ങൾക്ക് ഉറപ്പില്ല. എന്നാൽ പിണറായിയെയാണ് വിമർശിച്ചതെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഇതു വർഗപരമാണെന്ന് ഗോവിന്ദൻ ആരോപിച്ചു.

അയോധ്യ വിഷയത്തിൽ ഇടതുപക്ഷ പാർട്ടികൾ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ പോലും വിഷയത്തിൽ ഉറച്ച തീരുമാനമെടുക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com