''ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ കേന്ദ്ര നീക്കം'': എം.വി. ഗോവിന്ദൻ

ഗവർണർമാരെ ഉപയോഗിച്ചാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെതിരേ ഈ നീക്കം നടത്തുന്നത്- വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു
''Central move to destroy higher education sector'': M.V. Govindan
എം.വി. ഗോവിന്ദൻ
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണർമാരെ ഉപയോഗിച്ചാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെതിരേ ഈ നീക്കം നടത്തുന്നത്- വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

സ‍‍ർവകലാശാലകളെ കാവിവത്കരിക്കാനാണ് ശ്രമം. സംഘപരിവാർ അജൻഡകൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് വൈസ് ചാൻസലർമാരെ കൂടി ഉപയോഗപ്പെടുത്തി കേന്ദ്ര സർക്കാർ നടത്തുന്നത്. അവർ നിശ്ചയിക്കുന്ന വൈസ് ചാൻസലർമാർ തന്നെ സംഘപരിവാർ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുകയാണ്. ഇത് കേരളത്തിൽ പുതിയ പ്രവണതയാണ്.

വിസിമാർ ഭരണഘടനാപരമല്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നു. സർവാധിപത്യരീതിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ഇതിനെതിരേ വിദ്യാർഥികളും യുവജനങ്ങളും അധ്യാപകരും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ശക്തിയായ ഇടപെടൽ നടത്തിവരികയാണ്.

ഇപ്പോൾ നടക്കുന്ന വിദ്യാർഥി സമരങ്ങൾ കേരളത്തിന്‍റെ നേട്ടങ്ങളെ സംരക്ഷിക്കാനുള്ളതാണെന്നും വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല എന്ന് കേരളം ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ട സമയമായെന്നും ഗോവിന്ദൻ പറഞ്ഞു.

എൻജിനീയറിങ്, ആർക്കിടെക്ക്ചർ, മെഡിക്കൽ പ്രവേശനത്തിനുള്ള കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സംസ്ഥാന താത്പര്യത്തിനെതിരാണ്. കീം ഫലം മുൻകൂട്ടി ആലോചിക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ മനസിലാകുന്നത്. സർക്കാരിന്‍റെ നിലപാട് പ്രകാരം ആദ്യം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഒന്നാമതായിരുന്ന വിദ്യാർഥി പുതിയ പട്ടികയിൽ ഏഴാം റാങ്കുകാരനായി. ഇതൊരു പാഠമാണ്. അനുഭവം ഉണ്ടാകുമ്പോഴേ പാഠം മനസിലാക്കാൻ പറ്റൂ. കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ അവസരം കിട്ടണം. അതിനാണ് മാർക്ക് ക്രമീകരണം നടത്തിയത്. ഭാവിയിൽ കേരള സിലബസുകാർ പിന്തള്ളപ്പെടുന്നത് ഒഴിവാക്കാൻ സർക്കാർ ഉചിതമായ കാര്യങ്ങൾ ചെയ്യണം- അദ്ദേഹം പറഞ്ഞു.

മന്ത്രി സജി ചെറിയാന്‍റെ സ്വകാര്യ ആശുപത്രി പ്രസ്താവനയോട് പാർട്ടിക്ക് യോജിപ്പില്ല. കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ടു പോകില്ല. കൂടെയുള്ളവർ പോകാതെ യുഡിഎഫ് നോക്കണം. വന്യജീവികളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനും കേരള കോൺഗ്രസ് നേതാവ് ജോസ് ‌കെ. മാണിയും ഉന്നയിച്ച പ്രശ്നം ചർച്ച ചെയ്യുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com