
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്. തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് ജയരാജനെ തെരഞ്ഞെടുത്തത്.
2019ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‍റെ ഭാഗമായി പി. ജയരാജൻ ഒഴിഞ്ഞപ്പോഴാണ് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. എടക്കാട് മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംഎൽഎയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു.
സമ്മേളനത്തിൽ 50 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ, എം.വി. നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.