കേരളം ഇനി റോഡിൽ "സേഫ്" ; എഐ കണ്ണുകൾ നാളെ മുതൽ

അതായത് നിയമലംഘനം നടന്ന് 6 മണിക്കൂറിനുള്ളിൽ മൊബൈൽ ഫോണിൽ സന്ദേശമെത്തും.
കേരളം ഇനി റോഡിൽ "സേഫ്" ; എഐ കണ്ണുകൾ നാളെ മുതൽ

സംസ്ഥാനത്ത് ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് നാളെ മുതൽ പിടിവീഴുമ്പോൾ റോഡിലെ തെറ്റുകൾക്ക് വന്‍ പിഴയാവും നൽകേണ്ടി വരിക. വാഹനം തടഞ്ഞുള്ള പരിശോധനകൾ ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിഗണിച്ചാണ് ഇപ്പോൾ ഫുള്ളി ഓട്ടോമാറ്റിക്ക് എഐ ക്യാമറകൾ എത്തിയിരിക്കുന്നത്. 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി എത്തുന്ന എഐ ക്യാമറകൾ നാളെ വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ദേശീയ-സംസ്ഥാന-ഗ്രാമീണ പാതകളിലായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

പ്രവർത്തനം എങ്ങനെ

ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. എല്ലാ മാസം 30,000 മുതൽ 90,000 നിയമലംഘന കേസുകളാണ് ക്യാമറകളിൽ പതിയാറുള്ളത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി മാത്രം സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്തുക കോടികളാകും. സർവെയ്‌ലന്‍സ്, എവിഡന്‍സ്, ക്യാപ്ചർ ക്യാമറ എന്നിങ്ങനെ 3 തരത്തിലാണ് നിയമലംഘനങ്ങൾ എഐ ക്യാമറകൾ ഒപ്പിയെടുക്കുക. പിന്നീട് ക്യാമറകൾ വഴിയുള്ള ഡാറ്റയും ദൃശ്യങ്ങളും പൊലീസ്, എക്സൈസ്, മോട്ടോർ വാഹന, ജിഎസ്ടി വകുപ്പുകൾക്ക് പങ്കിടും.

വീഡിയോ സ്കാനിങ് സോഫ്റ്റുവെയർ സംവിധാനത്തിലൂടെ വാഹനങ്ങളുടെ നീക്കം ആദ്യം ഇവ നിരീക്ഷിക്കും. പിന്നീട് തരംതിരിച്ച് ഈ ദൃശ്യങ്ങൾ ജില്ലാ കൺട്രോൾ റുമുകളിലേക്ക് കൈമാറും. മൺവിളയിലെ കെൽട്രോണിന്‍റെ സെന്‍റർ ഡാറ്റാ ബാങ്കിലാവും ഈ ദൃശ്യങ്ങൾ സൂക്ഷിക്കുക. പിന്നീട് ജില്ലാ കൺട്രോൾ റുമുകളിൽ നിന്നും നാഷണൽ ഡാറ്റാ ബേസിനു കൈമാറി ഇ-ചെല്ലാന്‍ സൃഷ്ടിക്കും. അതായത് നിയമലംഘനം നടന്ന് 6 മണിക്കൂറിനുള്ളിൽ മൊബൈൽ ഫോണിൽ സന്ദേശമെത്തും.

പിടിവീഴുന്ന വഴികൾ

എഐ ക്യാമറകൾ വീഡിയോ സ്കാനിങ് സോഫ്റ്റ് വെയർ സംവിധാനത്തിലാവും വാഹനങ്ങളുടെ നീക്കം ചിത്രികരിക്കുക. പ്രധാനമായും 6 നിയമലംഘനങ്ങളാണ് എഐ ക്യാമറകൾ പിടികൂടുക.

ഹെൽമറ്റില്ലാതെ യാത്ര ചെയ്താൽ - 500 രൂപ; മൂന്നു പേരുടെ ബൈക്ക് യാത്ര -1000 രൂപ; ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം - (ആദ്യ തവണ)- 2,000 രൂപ(3 വർഷത്തിനിടെ ആവർത്തിച്ചാൽ) 5,000 രൂപ; സീറ്റ് ബെൽറ്റിടാത്ത യാത്ര - 500 രൂപ; മഞ്ഞവര മറികടന്നാൽ - 2000 രൂപ; അമിത വേഗം -1,500 രൂപ; അനധികൃത പാർക്കിങ് - 250 രൂപ; അപകടകരമായ ഓവർടേക്കിങ്- 2000 രൂപ (ആദ്യ പിഴ) (ആവർത്തിച്ചാൽ കോടതിയിലേക്ക്); റെഡ് ലൈറ്റ് തെറ്റിക്കൽ - കോടതിക്ക് കൈമാറും.

ഇതുകൂടാതെ ഒരു ദിവസം ഒരു പിഴ കിട്ടിയാൽ അന്നേ ദിവസം വീണ്ടും പിഴ ഈടാക്കില്ലെന്ന പ്രചാരണം തെറ്റാണെന്നും ഓർക്കേണ്ടതുണ്ട്. അതായത് ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാൽ 2000 രൂപയാണ് പിഴ. അപ്പോൾ ഒരേ ദിസവം 5 തവണ പതിഞ്ഞാൽ 10,000 രൂപ പിഴയടക്കേണ്ടി വരും. സ്ഥിരമായി നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്കും നീങ്ങും.

എല്ലാ തലകൾക്കും ഹെൽമറ്റ്

9 മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികളടക്കം ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് ധരിക്കണം. 4 വയസ് പ്രായം കഴിഞ്ഞവർക്ക് ഹെൽമറ്റ് മതിയെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതിന് മാറ്റം വരും. ഗർഭിണികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. നോ പാർക്കിങ് ബോർഡില്ലാത്ത എല്ലായിടത്തും പാർക്ക് ചെയ്യാം എന്ന ധാരണ വേണ്ട, ഇതിനും പിഴ ഇടാക്കും.

എല്ലാവർക്കും ബാധകമോ..??

എഐ ക്യാമറകണ്ണുകളുടെ നോട്ടം എന്നാൽ എല്ലാ വാഹനങ്ങളിലേക്കും എത്തില്ല. അതായത് പിഴ വീഴുന്നതിൽ നിന്ന് വിഐപി വാഹനങ്ങളെ നിയമപരമായി ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ, ജഡ്ജിമാർ, മറ്റ് പ്രധാന പദവികളിൽ ഉള്ളവർ എന്നിവരുടെ വാഹനങ്ങൾക്ക് ഈ നിയമം ബാധകമല്ല.

ചുരുക്കി പറഞ്ഞാൽ ക്രമസമാധാനപരിപാലനത്തിനായി ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ ഈ ക്യമറകളിൽ പതിയില്ല. ഇത്തരം വാഹനങ്ങളെ ഒഴിവാക്കാന്‍ സോഫ്റ്റുവെയറിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് കേരളത്തിൽ മാത്രമുള്ള ഇളവുകൾ അല്ലെന്നും രാജ്യത്തിന്‍റെ നിയമം അനുസരിച്ചുള്ളതാണെന്നും വകുപ്പ് വിശദീകരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com