മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ടാക്സി ഡ്രൈവർമാർക്കെതിരെ നടപടി

മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്തു
munnar tourist harassment: suspends licenses of taxi drivers

ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി

mvd suspends licenses-taxi-drivers-

Updated on

ഇടുക്കി: മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

മൂന്നാറിലെ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നടപടിയുണ്ടാകുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞതിനു പിന്നാലെയാണിത്. 6 കുറ്റക്കാരുണ്ടെന്നും എല്ലാവരുടെയും ലൈസൻസും വാഹന പെർമിറ്റും റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഈ വിഷയത്തിൽ ശക്തമായ നിലപാടുമായി രംഗത്തെത്തി.

ഓൺലൈൻ ടാക്സി കേരളത്തിലൊരിടത്തും നിർത്തലാക്കിയിട്ടില്ല. അതു മൂന്നാറിലും ഓടും. തടയാൻ ടാക്സി തൊഴിലാളികൾക്ക് അവകാശമില്ല. ഓൺലൈൻ ടാക്സി ഡ്രൈവർമാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യമാകരുത്. സഞ്ചാരിയോട് അപമര്യാദ കാണിച്ച ഡ്രൈവര്‍മാര്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നു ഗണേഷ് കുമാര്‍ വ്യക്തമാക്കി.

വനിതാ സഞ്ചാരി മൂന്നാറിൽ നിന്നു മടങ്ങിയ ശേഷം സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെ അറസ്റ്റിലായ 3 ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് ഡിവൈഎസ്പി എസ്. ചന്ദ്രകുമാറിന്‍റെ ശുപാർശപ്രകാരം ആർടിഒ സസ്പെൻഡ് ചെയ്തു.

മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസുകാരിൽ നിന്നും നേരിട്ട ദുരനുഭവം മുംബൈ സ്വദേശിയായ അസിസ്റ്റന്‍റ് പ്രൊഫസർ ജാൻവിയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇവർ സഞ്ചരിച്ച ഓൺലൈൻ ടാക്സി മറ്റു ടാക്സി ഡ്രൈവർമാർ തടയുകയായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും പൊലീസും ടാക്സിക്കാരുടെ പക്ഷം ചേർന്നു. ഇതോടെ മറ്റൊരു ടാക്സിയിൽ യാത്ര ചെയ്യേണ്ടിവന്നു. ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ഇനി കേരളത്തിലേക്ക് ഇല്ലെന്നുമാണ് ജാൻവി വിഡിയൊയിൽ പറഞ്ഞത്.

യുവതിക്ക് ദുരനുഭവം നേരിട്ട സംഭവത്തില്‍ ഗ്രേഡ് എസ്ഐ ജോര്‍ജ് കുര്യന്‍, എഎസ്ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. സ്ഥലത്തെത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടി.

ടാക്സി ഡ്രൈവര്‍മാരായ ലാക്കാട് ഫാക്റ്ററി ഡിവിഷനില്‍ പി. വിജയകുമാര്‍ (40), തെന്മല എസ്റ്റേറ്റ് ന്യൂ ഡിവിഷനില്‍ കെ. വിനായകന്‍, മൂന്നാര്‍ ജ്യോതി ഭവനില്‍ എ. അനീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

"ആറ് പേരാണ് യുവതിയോട് മോശമായി പെരുമാറിയത്. ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്. ഇന്ത്യയിലോ കേരളത്തിലോ ഊബര്‍ നിരോധിച്ചിട്ടില്ല. ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്. മൂന്നാറില്‍ ഗുണ്ടായിസം നടത്തുകയാണ്. തൊഴിലാളികളോട് സ്നേഹമുള്ള സര്‍ക്കാരാണിത്. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. പുരോഗമന സംസ്ഥാനത്തിന് ചേര്‍ന്ന നടപടിയില്ല. മൂന്നാറില്‍ കെഎസ്ആർടിസിയുടെ ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേ അനുഭവമുണ്ടായി. അതിന്‍റെ ഫലം അവർ അനുഭവിച്ചു. അന്ന് കുറേ പേര്‍ക്ക് പിഴ ചുമത്തി. മൂന്നാറിൽ പരിശോധന ശക്തമാക്കും. പിഴ അടയ്ക്കാത്തവര്‍ക്കെതിരേയും നടപടിയെടുക്കും'- മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com