

കെ.സി. വേണുഗോപാൽ എംപി
File
ന്യൂഡൽഹി: പ്രചരണത്തിനുള്ള ദിവസങ്ങൾ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരേ വിമർശനവുമായി എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു. അതിനാൽ തന്നെ സ്ഥാനാർഥികൾക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്. എന്നാൽ വോട്ടെണ്ണൽ മെയ് നാലാം തീയതിയാണ്.
കോൺഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടവോട്ടെടുപ്പ്. ഇത്രയും നേരത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് സമയം വെട്ടി കുറയ്ക്കാൻ വേണ്ടിയാണ്. അതുപോലെ കോൺഗ്രസിന്‍റെ പ്രചാരകരായ നേതാക്കന്മാർക്ക് പരിമിതി ഏർപ്പെടുത്താനും വേണ്ടിയാണെന്നും കെ.സി പറഞ്ഞു.
മുൻപും ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും തിയതികളുടെ കാര്യത്തിൽ ഇത്തരം സമീപനങ്ങൾ കണ്ടിട്ടുണ്ട്. ഒരു നാലു ദിവസം നീട്ടിവെച്ചത് കൊണ്ട് ഒരു പ്രശ്നവുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ സമീപനത്തിൽ വളരെയേറെ ദുരൂഹതകൾ ഉണ്ട്. ഇത് കൊണ്ട് കോൺഗ്രസിന് ഭയമില്ലെന്നും, എന്തിനും കോൺഗ്രസ് തയ്യാറാണെന്നും , 25 ദിവസം കഴിഞ്ഞാൽ കേരളത്തിൽ ഭരണം മാറുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.