
ബിനീഷ് മള്ളൂശേരി
കോട്ടയം: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ സംഘടിപ്പിച്ച ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ കോട്ടയം താഴത്തങ്ങാടിയുടെ ഓളപ്പരപ്പിൽ നടന്ന 5-ാം മത്സരത്തില്‍ യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. 3.17.85 മിനിറ്റിലാണ് നടുഭാഗം വിജയക്കൊടി പാറിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരം(3.19.25 മിനിറ്റ്) രണ്ടും പൊലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍(3.20.06 മിനിറ്റ്) മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ഫൈനലിന്‍റെ ആദ്യ 100 മീറ്ററില്‍ മെല്ലെത്തുഴഞ്ഞ യുബിസി അവസാന 500 മീറ്ററില്‍ മിന്നൽ കണക്കെയാണ് ഫിനിഷ് ചെയ്തത്.
വള്ളംകളിയിലെ തന്നെ അപൂര്‍വമായ ഫോട്ടോ ഫിനിഷോടെ ആയിരുന്നു പിറവത്ത് ഫലമെങ്കില്‍ കോട്ടയത്ത് മീനച്ചിലാറ്റില്‍ സംശയത്തിനും അഭ്യൂഹങ്ങള്‍ക്കുമിടനല്‍കാത്ത ആധികാരിക വിജയമാണ് നടുഭാഗം ചുണ്ടൻ നേടിയത്. സിബിഎല്‍ ഒന്നാം സീസണിലും രണ്ടാം സീസണിലും ചാമ്പ്യന്മാരായ പിബിസി തുഴഞ്ഞ വീയപുരം ചുണ്ടനെയാണ് കേരളത്തിലെ ഏറ്റവും പഴയ മത്സരവള്ളംകളിയായ താഴത്തങ്ങാടിയില്‍ തറപറ്റിച്ചത്. ഇത് നെഹ്രുട്രോഫിയിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി.
മൈറ്റി ഓര്‍സ്(നിരണം)എന്‍സിഡിസി (4), ബാക്ക് വാട്ടര്‍ വാരിയേഴ്സ്(ചമ്പക്കുളം) കുമരകം ടൗണ്‍ ബോട്ട്ക്ലബ് (5) റിപ്പിള്‍ ബ്രേക്കേഴ്സ്(കാരിച്ചാല്‍) പുന്നമട ബോട്ട് ക്ലബ് (6), ബാക്ക് വാട്ടര്‍ കിംഗ്സ്(സെന്റ് പയസ്)നിരണം ബോട്ട് ക്ലബ്(7) പ്രൈഡ് ചേസേഴ്സ്(ആയാപറമ്പ് പാണ്ടി) വിബിസി(8), തണ്ടര്‍ ഓര്‍സ്(പായിപ്പാടന്‍)കെബിസി/എസ്എഫ്ബിസി(9), എന്നിങ്ങനെയാണ് താഴത്തങ്ങാടി മത്സരവള്ളംകളിയിലെ വിജയനില. സിബിഎല്‍ 5 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആകെ 48 പോയിന്‍റുമായി പിബിസി വീയപുരമാണ് മുന്നില്‍. 46 പോയിന്‍റുമായി യുബിസി നടുഭാഗം തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. 35 പോയിന്‍റുകളുമായി എന്‍സിഡിസി നിരണവും പൊലീസ് ബോട്ട് ക്ലബ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതിൽ മൂന്നാം സ്ഥാനവും പങ്കിടുന്നു.
വള്ളംകളിയോട് അനുബന്ധിച്ച് നടന്ന സമ്മേളനം സഹകരണ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു, ജില്ലാ കലക്റ്റര്‍ വി. വിഗ്നേശ്വരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.