മികവിന്റെ നിറവിൽ എം.ജി; സർവകലാശാലയ്ക്ക് നാക് എ പ്ലസ് പ്ലസ് ഗ്രേഡ്

നാലാം സൈക്കിളിൽ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് എം.ജി
മികവിന്റെ നിറവിൽ എം.ജി; സർവകലാശാലയ്ക്ക് നാക് എ പ്ലസ് പ്ലസ് ഗ്രേഡ്

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് നാഷണൽ അസസ്‌മെൻറ് ആൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (നാക്) എ പ്ലസ് പ്ലസ് ഗ്രേഡ്. നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ 3.61 ഗ്രേഡ് പോയിൻറ് നേടിയാണ് എം.ജി സർവകലാശാല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. നാലാം സൈക്കിളിൽ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് എം.ജി.

വിവിധ ഘട്ടങ്ങളിലായുള്ള വിലയിരുത്തലുകൾക്ക് ശേഷം മാർച്ച് 5 മുതൽ 7 വരെ സർവകലാശാലയിൽ സന്ദർശനം നടത്തിയ നാക് പിയർ ടീമിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് മാർച്ച് 15ന് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായതെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു. മാർച്ച് 14 മുതൽ 5 വർഷമാണ് ഗ്രേഡിൻറെ കാലാവധി. കരിക്കുലം, അധ്യാപന-ബോധന പ്രവർത്തനങ്ങൾ, ഗവേഷണം, വിദ്യാർഥികൾക്കുള്ള പിന്തുണ, അടിസ്ഥാന സൗകര്യങ്ങൾ, ഭരണസംവിധാനം, മികച്ച മാതൃകകൾ തുടങ്ങി വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ. ആന്ധ്രാപ്രദേശിലെ ആദികവി നന്നയ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സുരേഷ് വർമയുടെ നേതൃത്വത്തിലുള്ള നാക് പിയർ ടീം സർവകലാശാലയിലെ പ്രധാനപ്പെട്ട ഓഫീസുകൾ, പഠന വകുപ്പുകൾ, ഗവേഷണ-സംരംഭകത്വ കേന്ദ്രങ്ങൾ, ഹോസ്റ്റലുകൾ, പൊതു സംവിധാനങ്ങൾ എന്നിവ പരിശോധിച്ചു. സർവകലാശാലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിവിധ തലങ്ങളിലുള്ളവരുമായി മുഖാമുഖവും ഇവർ നടത്തി.

സമീപ വർഷങ്ങളിൽ പഠനം, ഗവേഷണം, സംരംഭകത്വം, മാലിന്യസംസ്‌കരണം, സാമൂഹ്യ പ്രവർത്തനം തുടങ്ങി മേഖലകളിൽ ഏറെ മുന്നേറാൻ സർവകലാശാലയ്ക്ക് കഴിഞ്ഞിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക പിന്തുണയോടെ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനും സാധിച്ചു. നാക്കിന്റെ ഉയർന്ന ഗ്രേഡിങ് ലഭിച്ച സാഹചര്യത്തിൽ ഈ സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്താൻ നാട്ടിൽനിന്നും വിദേശത്തുനിന്നും കൂടുതൽ വിദ്യാർഥികൾ എം.ജി. സർവകലാശാലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൈസ് ചാൻസലർ പറഞ്ഞു. സർവകലാശാലാ സമൂഹം കൂട്ടായി നടത്തിയ പരിശ്രമമാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായകമായത്. സിൻഡിക്കേറ്റ് അംഗങ്ങൾ, സെനറ്റ് അംഗങ്ങൾ, മുൻ വൈസ് ചാൻസലർമാർ, അധ്യാപകർ, ഗവേഷകർ, ജീവനക്കാർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർക്ക് വൈസ് ചാൻസലർ നന്ദി അറിയിച്ചു. സർവകലാശാലയുടെ വളർച്ചയുടെ മികവും ന്യൂനതകളും സാധ്യതകളും തിരിച്ചറിയുന്നതിനും ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുന്നതിനുമുള്ള അവസരമായിരുന്നു നാക്കിൻറെ വിലയിരുത്തൽ ഘട്ടമെന്ന് ഡോ. അരവിന്ദകുമാർ കൂട്ടിച്ചേർത്തു.

വിവിധ സൂചകങ്ങളിൽ എം.ജി സർവകലാശാലയ്ക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് :

പാഠ്യപദ്ധതി- 3.8, പഠന ബോധന പ്രവർത്തനങ്ങൾ- 3.71, ഗവേഷണം, നൂതന ആശയങ്ങൾ, എക്സ്റ്റൻഷൻ- 3.67, അടിസ്ഥാന സൗകര്യവും പഠന സൗകര്യങ്ങൾ- 3.7, വിദ്യാർഥികൾക്കുള്ള പിന്തുണ സംവിധാനം- 2.6, ഭരണനിർവഹണം, നേതൃമികവ്, മാനേജ്‌മെൻറ് -3.66, സ്ഥാപന മൂല്യങ്ങളും മികച്ച മാതൃകകളും-3.85.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com