4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ഏകദേശം 1,800 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഡ്രൈ ഡോക്ക്, നവ ഇന്ത്യയുടെ എൻജിനീയറിങ് വൈദഗ്ധ്യം പ്രതിഫലിപ്പിക്കുന്ന പ്രധാന പദ്ധതിയാണ്
narendra modi visits kerala
narendra modi visits kerala

കൊച്ചി: 4000 കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. പദ്ധതികൾ രാജ്യത്തിനും കേരളത്തിനും ദക്ഷിണേന്ത്യയ്ക്കു തന്നെ വികസനകുതിപ്പാകുമെന്നും പുതിയ പദ്ധതികള്‍ വികസനത്തിന്‍റെ നാഴികക്കല്ലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ കേരളീയര്‍ക്കും എന്‍റെ നല്ല നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഇന്ന് സൗഭാഗ്യത്തിന്‍റെ ദിനമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്‍റെ വികസനോത്സവത്തിൽ പങ്കെടുക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പരിഷ്‌കരണ നടപടികള്‍ കാരണം തുറമുഖ മേഖലയില്‍ നിക്ഷേപം വര്‍ധിച്ചു. തൊഴില്‍ അവസരം ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയിലേത്. പുതിയ പദ്ധതിയോടെ കൊച്ചി കപ്പല്‍ശാലയുടെ ശേഷി പലമടങ്ങായി വര്‍ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

4,000 കോടി രൂപയുടെ കൊച്ചി കപ്പൽശാലയിലെ ഡ്രൈ ‍ഡോക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം (ഐഎസ്‌ആർഎഫ്), ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയായിരുന്നു പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ നേരിട്ട് വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ് സോനോവാള്‍, വി മുരളീധരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

തുറമുഖ, ഷിപ്പിങ്, വാതക മേഖലയിൽ രാജ്യത്തിന്‍റെ ശേഷി വർധിപ്പിക്കുക എന്ന കേന്ദ്ര നയത്തിന്‍റെ ചുവടു പിടിച്ചാണ് ഈ വമ്പൻ പദ്ധതികൾ നടപ്പാക്കുന്നത്. മാരിടൈം – ഷിപ്പിങ് മേഖലയിൽ ആഗോള ഹബ്ബായി ഉയരാൻ ഇതോടെ കൊച്ചിക്കു വഴിയൊരുങ്ങും. ഏകദേശം 1,800 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഡ്രൈ ഡോക്ക്, നവ ഇന്ത്യയുടെ എൻജിനീയറിങ് വൈദഗ്ധ്യം പ്രതിഫലിപ്പിക്കുന്ന പ്രധാന പദ്ധതിയാണ്.

കൊച്ചി കപ്പൽശാലയിലെ 15 ഏക്കറിൽ 1,800 കോടി രൂപ ചെലവിൽ നിർമിച്ച ഡ്രൈ ഡോക്ക് കപ്പൽ നിർമാണ രംഗത്തു ഷിപ്‌യാഡിന്‍റെ വളർച്ചയ്ക്ക് ആക്കം കൂട്ടും. 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡ്രൈ ഡോക്ക് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. 70,000 ടൺ വരെ ഭാരമുള്ള കൂറ്റൻ വിമാനവാഹിനി കപ്പലുകൾ, എൽഎൻജി കാരിയറുകൾ, ഡ്രഡ്ജറുകൾ, വാണിജ്യ യാനങ്ങൾ തുടങ്ങിയവയെല്ലാം ഇനി ഇവിടെ നിർമിക്കാം. കപ്പൽ താഴുന്നതിന് 9.5 മീറ്റർ വരെ ആഴവും 310 മീറ്റർ നീളമുള്ള സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്ക് ഈ മേഖലയിലെ ഏറ്റവും വലിയ സമുദ്ര അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ്.

പുതിയ ഡ്രൈ ഡോക്ക് പദ്ധതിയിൽ കരുത്തുറ്റ ഗ്രൗണ്ട് ലോഡിങ് സൗകര്യമുണ്ട്. തന്ത്രപ്രധാന നിർമിതികൾക്കു വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു ചുരുക്കാനും വിദേശ നാണ്യം ലാഭിക്കാനും കഴിയും. ഇതോടെ ഐഎൻഎസ് വിക്രാന്ത് പിറവിയെടുത്ത ഷിപ്‌യാഡിൽ തന്നെ രണ്ടാം വിമാനവാഹിനി നിർമിക്കാനും കരാർ ലഭിക്കാനുള്ള സാധ്യതയുമേറി.

6,000 ടൺ വരെ ഭാരം ഉയർത്താനാകുന്ന ഷിപ് ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ഇന്‍റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്) കപ്പലുകളുടെ അറ്റകുറ്റപ്പണി മേഖലയിൽ കൊച്ചി ഷിപ്‌യാഡിനു വൻ കുതിപ്പു നൽകും. 15,400 ടൺ സംഭരണ ശേഷിയുള്ള പുതുവൈപ്പ് എൽപിജി ടെർമിനൽ കേരളത്തിലെ ആദ്യ എൽപിജി ഇറക്കുമതി ടെർമിനലാണ്. ഇതോടെ, എൽപിജിക്കായി മംഗളൂരു ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിനെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com