കേരളത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി: അന്തിമരൂപമായി

3,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും
കേരളത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി: അന്തിമരൂപമായി

ഡൽഹി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികളുടെ അന്തിമരൂപമായി. 24ന് വൈകിട്ട് 5ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളെജ് ഗ്രൗണ്ടിലെത്തും. അവിടെ യുവം എന്ന യൂത്ത് കോൺക്ലേവിൽ ഒരുലക്ഷം യുവജനങ്ങളുമായി സംവദിക്കും.

രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന അദ്ദേഹം, അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന. പിറ്റേന്നു രാവിലെ തിരുവനന്തപുരത്തേക്കു പോകും.

ഏപ്രിൽ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ട്രെയ്നിൽ അദ്ദേഹം യാത്ര ചെയ്യുന്നില്ല. എന്നാൽ ഇരുപത്തഞ്ചോളം കുട്ടികളുമായി അദ്ദേഹം സെൻട്രൽ സ്റ്റേഷനിൽ കൂടിക്കാഴ്ച നടത്തും. അതിനുശേഷം 11 മണിക്ക് 3,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.

തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസാണ് സെൻട്രൽ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിലൂടെ ട്രെയിൻ കടന്നുപോകും.

കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൊച്ചിക്ക് ചുറ്റുമുള്ള 10 ദ്വീപുകളെ അത്യാധുനിക ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ദിണ്ടിഗൽ- പളനി- പാലക്കാട് പാതയിലെ റെയിൽ വൈദ്യുതീകരണവും അതേ ചടങ്ങിൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം ഉൾപ്പെടെ വിവിധ റെയിൽ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. തിരുവനന്തപുരം മേഖലയിലെ നേമം, കൊച്ചുവേളി എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസനം, തിരുവനന്തപുരം- ഷൊർണൂർ സെക്‌ഷനിലെ വേഗം വർധിപ്പിക്കൽ എന്നിവയ്ക്കും തുടക്കമിടും.

ഇതുകൂടാതെ, തിരുവനന്തപുരം ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വ്യവസായ, ബിസിനസ് യൂണിറ്റുകൾക്ക് ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഗവേഷണ സൗകര്യമായാണ് ഡിജിറ്റൽ സയൻസ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു മൂന്നാം തലമുറ സയൻസ് പാർക്ക് എന്ന നിലയിലാണ് ഇതു രൂപപ്പെടുത്തുക.

ഇൻഡസ്ട്രി 4.0 സാങ്കേതിക വിദ്യകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), ഡാറ്റാ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, സ്‌മാർട്ട് മെറ്റീരിയലുകൾ തുടങ്ങിയ മേഖലകളിലെ ഉൽപ്പന്നങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള പൊതു സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരിക്കും. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഇതിന് പിന്തുണ നൽകും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള പ്രാരംഭ നിക്ഷേപം ഏകദേശം 200 കോടി രൂപയാണ്. മൊത്തം പദ്ധതി അടങ്കൽ ഏകദേശം 1,515 കോടി രൂപ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com