

കടകൾ അടഞ്ഞുകിടക്കും, വാഹനങ്ങൾ നിരത്തിലിറങ്ങില്ല; ദേശിയ പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ
തിരുവനന്തപുരം: ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24 മണിക്കൂർ ദേശീയ പണിമുടക്കിൽനിന്ന് ശബരിമല തീർഥാടകരേയും മാരാമൺ കൺവൻഷനേയും ഒഴിവാക്കിയിട്ടുണ്ട്.
പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ പണിമുടക്കും. ഷോപ്പിങ് മാളുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്തംഭിക്കും. വ്യവസായ - കാർഷിക - വാണിജ്യ - വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും.
സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, റയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. ഓട്ടോ, ബസ്, കാർ, ലോറി തുടങ്ങി മോട്ടർ തൊഴിലാളികൾ, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം - വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാർ, സ്‌കീം വർക്കർമാർ, നിർമാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികൾ പണിമുടക്കും.
ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല - പൊതുമേഖല വ്യവസായം, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡിലിങ് തൊഴിലാളികൾ, തുറമുഖ തൊഴിലാളികൾ, കണ്ടെയ്‌നർ ഫ്രെയിറ്റ് സ്റ്റേഷനുകൾ, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികൾ, ന്യൂജനറേഷൻ ബാങ്കുകൾ, നോൺ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കെഎസ്ആർടിസിയിലെ ഇടതു യൂണിയനുകൾ പണിമുടക്കുന്ന സാഹചര്യത്തിൽ സർവീസ് മുടങ്ങാനാണ് സാധ്യത. പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ല.