
കാസർഗോഡ്: പിണറായി വിജയൻ സർക്കാരിന്‍റെ നവകേരള സദസിന് കാസർഗോഡ് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ജനസദസിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറാ യി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയിൽ സ്വീകരിച്ചത്.
നവകേരള സദസിനെ മഞ്ചേശ്വരം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മാത്രമല്ല ബസുകൾ എങ്ങനെയാണ് ആഡംഭരമാവുന്നത്, എന്താണ് ആർഭാടമെന്ന് മനസിലാവുന്നില്ലെന്നും മാധ്യമങ്ങൾക്ക് ബസിൽ കയറി നേരിട്ട് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
2016 ന് മുൻപ് കേരളം എല്ലാ മേഖലയിലും നിരാശമായിരുന്നു, നിലവിൽ കേരളത്തിനുണ്ടായിരിക്കുന്ന പുരോഗതി മറച്ചു പിടിക്കാനാണ് പ്രതിപക്ഷമടക്കമുള്ള ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം പിന്തള്ളപ്പെട്ട ഒരു സമയമുണ്ടായിരുന്നു എന്നാലിന്ന് കേരളം വലിയ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
നവകേരള സദസിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസിന് നിർബന്ധമുണ്ട്. സ്ഥലം എംഎൽഎ പരുപാടിയിൽ പങ്കെടുക്കണമെങ്കിൽ നേതൃത്വത്തിന്‍റെ അനുമതി ലഭിക്കണ്ടേയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കരാർ ശ്രമിക്കുന്നത്. പൊതു മേഖലാ സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണ്. കേരളത്തിന് നൽകേണ്ട കേന്ദ്ര വിഹിതത്തിൽ 1800 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഉച്ചഭക്ഷണത്തിനുള്ള തുകയും നെല്ലു സംഭരത്തിനുള്ള തുകയും അടക്കം കുടിശികയായി തുടരുകയാണ്. രാജ്യത്ത് ഇല്ലാത്തവനും ഉള്ളവനുമെന്ന വ്യത്യാസം രാജ്യത്തുണ്ട്. രാജ്യത്തിന്‍റെ വൈവിധ്യം ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാധ്യമ സ്വാതന്ത്രത്തിൽ രാജ്യം വളരെ പിറകിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പലസ്തീൻ വിഷയവും പിണറായി വിജയൻ ഉന്നയിച്ചു. ഇസ്രയേലും ആർഎസ്എസും ഒരേ പോലെ ചിന്തിക്കുന്നവരാണെന്നും പലസ്തീൻ അതിക്രൂരമായി വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.