നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ ബംഗളൂരുവിലേക്ക്

ബുധനാഴ്ച തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം
navakerala bus to start service by sunday
navakerala bus to start service by sunday

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ഭാരത് ബെൻസ് സൂപ്പർ ലക്ഷ്വറി ബസ് നവീകരണത്തിനു ശേഷം സർവീസിന് തയാറായി. കോഴിക്കോട് - ബംഗളൂരു റൂട്ടിൽ 'ഗരുഡ പ്രീമിയം' എന്ന ആഡംബര സർവീസായി ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും.

ആധുനിക എയർകണ്ടീഷൻ ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. പടികൾ ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ പ്രത്യേകം തയാറാക്കിയ യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈൽ ചാർജർ സംവിധാനവും ലഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും ബസിലുണ്ട്.

രാവിലെ 4 മണിക്ക് കോഴിക്കോട്ട് നിന്നും യാത്ര തിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11.35ന് ബംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30നു തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05ന് കോഴിക്കോട്ടെത്തും. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു, ബംഗളൂരു (സാറ്റലൈറ്റ്, ശാന്തിനഗർ) എന്നിവയാണ് സ്റ്റോപ്പുകൾ.

1,171 രൂപയാണ് സെസ് അടക്കം ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള 5 ശതമാനം ലക്ഷ്വറി ടാക്സും നൽകണം. ബുധനാഴ്ച വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കു സർവീസായി പോകുന്ന ബസിൽ ടിക്കറ്റ് എടുത്ത് പരമാവധി ആളുകൾക്ക് യാത്ര ചെയ്യാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com