നവകേരള സദസ് ഇന്ന് കണ്ണൂരിൽ തുടരും; മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

നവകേരള സദസ് വേദിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്
നവകേരള സദസ്
നവകേരള സദസ്

കണ്ണൂര്‍: നവകേരള സദസ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തുടരും. കണ്ണൂര്‍, അഴീക്കോട്, തലശേരി, ധര്‍മ്മടം മണ്ഡലങ്ങളിലാണ് ഇന്നത്തെ നവകേരള സദസ് നടക്കുക. പ്രമുഖ വ്യക്തികളുമായുള്ള പ്രഭാത യോഗത്തിന് ശേഷം അഴീക്കോട് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യത്തെ യോഗം. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം. ഉച്ചക്ക് ശേഷം കണ്ണൂര്‍, ധര്‍മ്മടം , മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും. തലശേരിയിലാണ് സമാപന പരിപാടി.

ഇന്നലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതേതുടർന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി ചേർന്ന ഉന്നതതല പൊലീസ് യോഗത്തിലാണ് തീരുമാനം. എഡിജിപി എംആർ അജിത് കുമാറാണ് മാവോ മേഖലയിലെ സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്. പരിപാടി നടക്കുന്ന സ്ഥലത്തും നവകേരള സദസ് യാത്രയിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കും. കണ്ണൂർ മലയോര മേഖലയിലും വയനാട്ടിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, നവകേരള സദസ് വേദിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന നവകേരള സദസിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പ്രഖ്യാപനം. കരിങ്കൊടി​ കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. പ്രതിഷേധക്കാരെ ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. പരുക്കേറ്റ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com