
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് പിന്നീട് അന്തർ സംസ്ഥാന സർവീസിനായി കെഎസ്ആർടിസി ഉപയോഗിക്കും. കെഎസ്ആർടിസിയുടെ സൂപ്പർ ക്ലാസ് സർവീസുകൾക്ക് ബോഡി ഒരുക്കുന്ന കർണാടകയിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബീൽസിനാണ് കാരവാൻ സൗകര്യങ്ങളടക്കമുള്ള പുതിയ ബസിന്‍റെയും ബോഡി നിർമാണച്ചുമതല.
ഭാരത് ബെൻസിന്‍റെ ഷാസി സെപ്റ്റംബറിൽ ബസ് നിർമാണത്തിനായി കൈമാറി. 43 ലക്ഷം രൂപയാണു ഷാസിയുടെ വില. 12 മീറ്റർ നീളമുള്ള ബസ് ചേസിൽ 21 സീറ്റാണ് കപ്പാസിറ്റി. ബോഡി നിർമാണത്തിനു ശരാശരി 35 ലക്ഷമാകുമെന്നാണു വിലയിരുത്തൽ. എസിയിൽ ഒരുങ്ങുന്ന ബസിന്‍റെ സൗകര്യങ്ങൾ കൂടുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
ഈ മാസം 18 മുതൽ ഡിസംബർ 24 വരെയാണു നവകേരള സദസ്. ഇതിനുശേഷം ബസ് കെഎസ്ആർടിസി ഉപയോഗിക്കാനാണു ധാരണ. നിലവിൽ ബംഗളൂരു, കൊല്ലൂർ മൂകാംബിക, കോഴിക്കോട്, മംഗലാപുരം, മൈസൂരു എന്നിവിടങ്ങളിലേക്കു കേരളത്തിൽ നിന്നും എസി സ്ലീപ്പർ, നോൺ എസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. നവകേരള സദസിനായി പുതിയ ബസ് വാങ്ങി വിപുലമായ സൗകര്യങ്ങളൊരുക്കാൻ ധനവകുപ്പ് 1.05 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റിൽ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണു പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിനു ബാധകമല്ലെന്ന് ഉത്തരവിൽ ധനവകുപ്പ് വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്‍റെ അനുമതി വേണം.
ഇതു മറികടക്കാനാണു ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം, നവകേരള സദസിനായുള്ള ബസ് നിർമാണത്തിന് തുക അനുവദിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷവും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.