കരിങ്കൊടി, പ്രതിഷേധം, സംഘർഷങ്ങൾ; വിവാദങ്ങൾക്കൊടുവിൽ നവകേരള യാത്ര ഇന്ന് സമാപിക്കും

എറണാകുളത്തെ നാലു മണ്ഡലങ്ങളിലെ സദസുകൾ പുതുവർഷത്തിൽ
കരിങ്കൊടി, പ്രതിഷേധം, സംഘർഷങ്ങൾ; വിവാദങ്ങൾക്കൊടുവിൽ നവകേരള യാത്ര ഇന്ന് സമാപിക്കും
Updated on

തിരുവനന്തപുരം: പിന്നിട്ട വഴികളിൽ കരിങ്കൊടി പ്രതിഷേധങ്ങളും സംഘർഷങ്ങളും അക്രമങ്ങളും പൊലീസ് നടപടികളും വിവാദങ്ങളും കോടതി ഇടപെടലുകളും തീർത്ത നവകേരള സദസിന് ഇന്ന് സമാപനം. തിരുവനന്തപുരം ജില്ലയിലെ 5 കേന്ദ്രങ്ങളിലെ നവകേരള സദസുകളാണ് ഇന്നു നടക്കുക. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ആക‌സ്‌മിക നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസുകള്‍ ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കും. വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടർച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുമായി സംവദിക്കുന്നതിനായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമെത്താന്‍ തീരുമാനിച്ചതോടെ, ഭരണനിര്‍വഹണത്തിലും വേറിട്ട മാതൃക സൃഷ്ടിക്കുകയായിരുന്നു.

ജനങ്ങളുടെ പരാതികള്‍ അറിയിക്കാൻ ഓരോ കേന്ദ്രത്തിലും ഒരുക്കിയ സംവിധാനങ്ങളിലൂടെ വിവിധ വിഷയങ്ങളിലെ ആയിരക്കണക്കിന് പരാതികളാണ് ലഭിച്ചത്. ഇവയ്ക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് സംവിദാനത്തിലൂടെ പരിഹാരം കാണുമെന്നാണു വാഗ്ദാനം. ഓരോ ദിവസവും നടന്ന പ്രഭാത യോഗങ്ങളിലൂടെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവരുടെ നിര്‍ദേശങ്ങളും ആശങ്കകളും സര്‍ക്കാരിന്‍റെ ശ്രദ്ധയിലെത്തി.

കഴിഞ്ഞ മാസം 18ന് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിച്ച നവകേരള യാത്രയ്ക്ക് ഇന്ന് തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസോടെയാണ് സമാപനമാകുന്നത്. ഇടപ്പഴിഞ്ഞി ആർഡിആർ കൺവെൻഷൻ സെന്‍ററിലെ പ്രഭാതയോഗത്തോടെ ഇന്നത്തെ സദസ് ആരംഭിക്കും. തുടര്‍ന്ന് കോവളം, നേമം, കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ സദസുകള്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും.

20ന് വർക്കല മണ്ഡലത്തിൽ നിന്നാണ് തലസ്ഥാന ജില്ലയിലെ നവകേരള സദസ് ആരംഭിച്ചത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിലായി ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തി. തിങ്ങിനിറഞ്ഞ വേദികളൊരുക്കിയാണ് തലസ്ഥാന ജില്ല നവകേരള സദസിനെ വരവേറ്റത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com