
നവീൻ ബാബുവിനെ അപമാനിച്ചത് ആസൂത്രിതമായി, തെളിവുകൾ ദിവ്യയുടെ ഫോണിൽ; ഒരാഴ്ചയ്ക്കകം കുറ്റപത്രം
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചയ്ക്കകം സമർപ്പിക്കും. നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും കൊലപാതക സാധ്യതകളൊന്നും നിലനിൽക്കുന്നില്ലെന്നുമാണ് കണ്ടെത്തൽ. പി.പി. ദിവ്യയുടെ പ്രസംഗമാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്നും, യാത്രയയപ്പ് യോഗത്തിൽ അപമാനിച്ചത് ആസൂത്രിതമായിട്ടാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
ദൃശ്യങ്ങൾ ദിവ്യ തന്നെയാണ് പ്രചരിപ്പിച്ചത്. ഇതിനുള്ള തെളിവുകൾ ഫോണിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. പ്രദേശിക ചാനലിനെ വിളിച്ചു വരുത്തിയും ദിവ്യ തന്നെയാണ്. ഇനി കേസിൽ ലഭിക്കാനുള്ളത് രാസ പരിശോധനാ ഫലം മാത്രമാണ്. കേസിൽ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു.
അതേസമയം, നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുൻപ് സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. എന്നാൽ, അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്.