

നൂഹ സജീവും മകൻ സുഹൈലും
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രതി സുഹൈൽ സജീവിന്‍റെ മാതാവ് നൂഹയുടെ മൊഴി രേഖപ്പെടുത്തും. മിനി കൂപ്പർ കാറിന്‍റെ ആർസി ഉടമ നൂഹ സജീവ് ആയതിനാലാണ് മൊഴിയെടുക്കുന്നത്.
വാഹനത്തിന്‍റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര‍്യങ്ങൾ ഇവരിൽ നിന്നും ചോദിച്ചറിയും. കഴിഞ്ഞ ദിവസമാണ് നൂഹ സജീവ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെ മനസിലാക്കുന്നുവെന്നും അവരുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നുമായിരുന്നു അവരുടെ പ്രതികരണം. ഒക്റ്റോബർ 11ന് പുലർച്ചെയാണ് സുഹൈൽ ഓടിച്ചിരുന്ന കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ചത്. നെടുമ്പാശേരിയിലെ എയർപോർട്ട് റോഡിലായിരുന്നു അപകടം.
കേസിൽ അറസ്റ്റിലായ സുഹൈലിനും കാറിൽ ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും കോടതി ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സ്കൂട്ടറിൽ മൂന്ന് പേർ ഒരുമിച്ച് സഞ്ചരിച്ചതാണ് അപകട കാരണമെന്നും അപകടത്തിന് ദൃക്സാക്ഷികളില്ലെന്നും കാർ അമിതവേഗതയിലായിരുന്നുവെന്നതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി പരിഗണിക്കാൻ കൂട്ടാക്കിയില്ല.