

മിനി കൂപ്പർ കാർ, സുഹൈൽ സജീവ്
കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്നു പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന 19കാരൻ സുഹൈൽ സജീവിന്‍റെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി നിനവിനാണ് അറസ്റ്റിലായത്. നെടുമ്പാശേരി പൊലീസിന്‍റേതാണ് നടപടി.
മദിപിച്ച് വാഹനമോടിച്ചിട്ടും തടയാത്തതിനാണ് കേസെടുത്തിരിക്കുന്നത്. അപകടമുണ്ടായ സമയത്ത് നിനവും 19കാരനൊപ്പം കാറിലുണ്ടായിരുന്നു. ഒക്റ്റോബർ 11ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.
വയനാട് സ്വദേശി ദേവിക (21), പാലക്കാട് സ്വദേശി ഗോപിക (22), കർണാടക സ്വദേശി ഇയാസ് (21) എന്നിങ്ങനെ മൂന്ന് പേരാണ് സുഹൈലിന്‍റെ മിനി കൂപ്പർ കാറിടിച്ച് മരണപ്പെട്ടത്. ഓൺലൈൻ വസ്ത്രവ‍്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്‍റെ ഉടമയാണ് സുഹൈലിന്‍റെ കുടുംബം.
പിതാവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നാണ് റിപ്പോർട്ടുകൾ. വണ്ടിയോടിച്ച സുഹൈൽ സജീവ് വിവിധ ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിരുന്നു. കേരളത്തിലെ നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. 19 കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് കേസെടുക്കാനാണ് മന്ത്രി നിർദേശവും നൽകിയിരുന്നു.