നെടുമ്പാശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈലിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എംവിഡി

പൊലീസിന്‍റെ ശുപാർശ പ്രകാരം എറണാകുളം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് നോട്ടീസ് നൽകിയത്
Nedumbassery Mini Cooper accident: MVD to suspend driving license of prime accused Suhail

നെടുമ്പാശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈലിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എംവിഡി

Updated on: 

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സുഹൈലിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് (എംവിഡി) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പൊലീസിന്‍റെ ശുപാർശ പ്രകാരം എറണാകുളം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് നോട്ടീസ് നൽകിയത്. 14 ദിവസത്തിനകം മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.

സുഹൈലിന്‍റെ മറുപടി ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് എംവിഡി അധികൃതർ പറഞ്ഞു. സുഹൈലിന്‍റെ ഡ്രൈവിങ് ലൈസൻസ് റദാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ നിന്ന് വിശദമായ റിപ്പോർട്ട് ലഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചതിന് പുറമെ മിനി കൂപ്പറിന്‍റെ എക്സ്ഹോസ്റ്റ് സംവിധാനം മോഡിഫൈ ചെയ്തിരുന്നുവെന്നും ഇതുകാരണം കടുത്ത ശബ്ദം പുറപ്പെടുവിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒക്റ്റോബർ 11ന് പുലർച്ചെയാണ് സുഹൈൽ ഓടിച്ചിരുന്ന കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ചത്. നെടുമ്പാശേരിയിലെ എയർപോർട്ട് റോഡിലായിരുന്നു അപകടം. കേസിൽ അറസ്റ്റിലായ സുഹൈലിനും കാറിൽ ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും കോടതി ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സ്കൂട്ടറിൽ മൂന്ന് പേർ ഒരുമിച്ച് സഞ്ചരിച്ചതാണ് അപകട കാരണമെന്നും അപകടത്തിന് ദൃക്സാക്ഷികളില്ലെന്നും കാർ അമിതവേഗതയിലായിരുന്നുവെന്നതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി പരിഗണിക്കാൻ കൂട്ടാക്കിയില്ല. അതേസമയം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികൾ മേൽക്കോടതിയെ സമീപിച്ചേക്കും.

logo
Metro Vaartha
www.metrovaartha.com