മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ഫ്രാൻസിസ് ജോർജ്

നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാം കേരളത്തിന് ഭീഷണി തന്നെയാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ ആശങ്ക കൂടി കണക്കിലെടുക്കണം
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ഫ്രാൻസിസ് ജോർജ്
ഫ്രാൻസിസ് ജോർജിന്റെ വിജയം, യുഡിഎഫ് നേതാക്കൾ കോട്ടയം പ്രസ് ക്ലബ്ബിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിക്കുന്ന

കോട്ടയം: കേരളത്തിന്റെ സുരക്ഷയ്ക്ക് മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. ഇതിനായി പാർലമെന്റിൽ സമ്മർദ്ദം ചെലുത്തും. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ വാർത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതാണ് നമ്മൾ എന്നും മുന്നോട്ടുവയ്ക്കുന്ന അഭിപ്രായം. അതുകൊണ്ടുതന്നെ അണക്കെട്ട് പണിയുന്നതിന് തമിഴ്നാട് എതിർക്കുന്നതിൽ അർഥമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാം കേരളത്തിന് ഭീഷണി തന്നെയാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ ആശങ്ക കൂടി കണക്കിലെടുക്കണം.

കാലഹരണപ്പെട്ട അണക്കെട്ട് ഇടയ്ക്കിടയ്ക്ക് ബലപ്പെടുത്തിയാൽ  പൂർണ സുരക്ഷിതം എന്നു പറയാനാവില്ലെന്നും, ഓസ്ട്രേലിയ അടക്കമുള്ള പല വിദേശ രാജ്യങ്ങളും ഇത്തരത്തിലുള്ള പഴയ ഡാമുകൾ പൊളിച്ചുമാറ്റി പുതിയത് നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യം ലോക്സഭയിൽ ഉന്നയിക്കും. ഇടുക്കി എംപി ആയിരിക്കുമ്പോഴും ഇക്കാര്യം ലോക്സഭയിൽ ഉയർത്തിയിട്ടുണ്ട്. തമിഴ്നാടിന്റെ എതിർപ്പ് കേന്ദ്ര ഗവൺമെൻറ് നേതൃത്വത്തിൽ ചർച്ച നടത്തി പരിഹരിക്കാവുന്നതേയുള്ളൂ. 2 ഐഐടികളുടെ വിദഗ്ധ പഠനം മുല്ലപ്പെരിയാർ അണക്കെട്ട്, ഭൂകമ്പത്തിലും പ്രളയത്തിലും സുരക്ഷിതമല്ലെന്ന് തന്നെയാണ്. ഇത് ഗൗരവമായി കണക്കിലെടുക്കണം. അണക്കെട്ട് തകർന്നാൽ കേരളത്തിന് മാത്രമായിരിക്കും ദുരന്തമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

റബർ വിലയിടിവ്, നെൽകൃഷിയുടെ പ്രശ്നങ്ങൾ, കോട്ടയം റെയ്ൽവേ സ്റ്റേഷൻ വികസനം, കോട്ടയത്ത് നിന്നും ബാംഗ്ലൂരിലേക്കും മറ്റിടങ്ങളിലേക്കും സർവീസുകൾ, ശബരിമല വിമാനത്താവളം തുടങ്ങിയ കാര്യങ്ങളും ബന്ധപ്പെട്ടവരുമായി വിശദമായ ചർച്ച നടത്തി കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തും. കുറവിലങ്ങാട് സയൻസ് സിറ്റി പൂർത്തീകരണത്തിന് ആവശ്യമായ ഇടപെടൽ നടത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്. സംസ്ഥാന സർക്കാരിൻറെ ഇടപെടൽ

അനിവാര്യമാണെന്നും നിയുക്ത എം.പി പറഞ്ഞു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി റോബിൻ തോമസ് പണിക്കർ നന്ദിയും രേഖപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com