
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷത്തിൽ രണ്ട് പേർ അറസ്റ്റിൽ. പോത്തുണ്ടി സ്വദേശികളായ രഞ്ജിത്, ഷിബു എന്നിവരാണ് പിടിയിലായത്.
ഔദ്യാഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്. നേരത്തെ, ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തിരുന്നു.
പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്‍റെ ഗേറ്റും കവാടവും തകർത്തതിനാണ് കേസ്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്. അതേസമയം മുൻ വൈരാഗ്യം വെച്ച് ചെന്താമര ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോർട്ട് പറയുന്നത്.