നെൻമാറ ഇരട്ടക്കൊലപാതകം: മുഖ്യപ്രതി ചെന്താമര മാട്ടായിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; വ്യാപക തെരച്ചിൽ

ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് പൊലീസ്, നാളെയും അന്വേഷണം തുടരും
nenmara double murder case update
ചെന്താമര
Updated on

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കായി തെരച്ചിൽ തുടരുന്നു. പോത്തുണ്ടി മാട്ടായിൽ ചെന്താമരയെ കണ്ടതായാണു രാത്രി വൈകിയുള്ള വിവരം. തുടർന്ന് ഇവിടെ നാട്ടുകാരും പൊലീസും ചേർന്നു തെരച്ചിൽ നടത്തുകയാണ്. പൊലീസ് സംഘത്തിലെ ഒരാളെ കണ്ട് ചെന്താമര ഓടിമറഞ്ഞതായും റിപ്പോർട്ടുണ്ട്. നേരത്തേ, ഇയാളെ കോഴിക്കോട് കക്കാട് കണ്ടതായുള്ള റിപ്പോർട്ടിനെത്തുടർന്ന് ഇവിടെ തെരച്ചിൽ നടത്തിയിരുന്നു.

അതിനിടെ, ജാമ്യ വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തിയ ചെന്താമരയ്ക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് നെന്മാറ എസ്‌എച്ച്ഒയെ സസ്‌പെൻഡ് ചെയ്‌തു. നെന്മാറ എസ്‌എച്ച്‌ഒ മഹേന്ദ്ര സിംഹനെയാണ് ജാമ്യവ്യവസ്ഥാ ലംഘനം കോടതിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തത്. ഒരുമാസം ചെന്താമര നെന്മാറയിൽ താമസിച്ചിരുന്നെന്ന് പാലക്കാട് എസ്‌പി അജിത്‌കുമാർ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച പട്ടാപ്പകലാണ് പോത്തുണ്ടി സ്വദേശി ലക്ഷ്മി (72)യെയും മകൻ സുധാകരനെയും (57) ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്‍റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ചെന്താമര ജാമ്യത്തിലിറങ്ങിയശേഷമാണു സമാനമായ രീതിയിൽ വീണ്ടും കൊല നടത്തിയത്. കൊല്ലപ്പെട്ട സുധാകരന്‍റെ മക്കളും കോൺഗ്രസും ചൊവ്വാഴ്ച പൊലീസിനെതിരേ അതിരൂക്ഷ വിമർശനമുന്നയിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരും ചെന്താമരയിൽ നിന്നുള്ള ഭീഷണിയെക്കുറിച്ചു പലതവണ പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു സുധാകരന്‍റെ മക്കളായ അഖിലയും അതുല്യയും പറഞ്ഞു. ""ആദ്യം അമ്മയെ കൊന്നു. ഇപ്പോൾ അച്ഛനെയും അച്ഛമ്മയെയും വകവരുത്തി. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കൊലവിളി നടത്തിയതിനെക്കുകുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല. നേരത്തെ നൽകിയ പരാതിയിൽ നടപടി എടുത്തിരുന്നെങ്കിൽ അച്ഛനും അച്ഛമ്മയും ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു''- കുട്ടികൾ പറഞ്ഞു.

സുരക്ഷയൊരുക്കുന്നതിലെ വീഴ്ചയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചൊവ്വാഴ്ച നെന്മാറ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. സ്റ്റേഷനു പുറത്തുയർത്തിയ ബാരിക്കേഡ് മറികടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com