ചെന്താമരയെ മാറ്റുക വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക്; സംസ്ഥാനത്താകെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 37 പേർ!

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും മാനസാന്തരത്തിന് സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്
nenmara murder case accused chenthamara will be transferred viyyur central jail

ചെന്താമര.

Updated on

പാലക്കാട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. മറ്റ് 2 പേർ കൂടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിയ്യൂരിലെ ജയിലിൽ കഴിയുന്നുണ്ട്. ഇവർക്കൊപ്പമാണ് ചെന്താമരയെയും പാർപ്പിക്കുക.

സംസ്ഥാനത്താകെ 37 പേരാണ് വധശിക്ഷകാത്ത് കഴിയുന്നത്. പൂജപ്പുര സെൻട്രൽ‌ ജയിലിൽ 24 പേർ, വിയ്യൂർ ജയിലിൽ 4, കണ്ണൂരിൽ 3, തവനൂരിൽ 1, വിയ്യൂർ സുരക്ഷ ജയിലിൽ 2, തിരുവനന്തപുരം വനിത ജയിലിൽ 3 എന്നിങ്ങനെ 37 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് യാതൊരു വിധത്തിലുള്ള പശ്ചാത്താപവുമില്ലാത്തതിനാൽ മാനസാന്തരത്തിന് സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾക്ക് പ്രതിയുടെ ഭീഷണിയുള്ള സാഹചര്യമാണെന്നും കോടതി വിലയിരുത്തി.

ചെന്താമരയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ടും കോടതി ശരിവച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിചാരണക്കോടതിക്കു നൽകാനാകുന്ന പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com