നേപ്പാൾ പ്രളയം; കൂടുതൽ മലയാളികൾ മടങ്ങിയെത്തുന്നു, 7 പേരെ ഇനിയും കണ്ടെത്താനായില്ല

നോർക്ക റൂട്ട്സിന്‍റെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ട 52 പേരിൽ 45 പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു
Nepal floods (File photo)

നേപ്പാൾ പ്രളയം (ഫയൽ ചിത്രം)

Updated on

തിരുവനന്തപുരം: നേപ്പാളിൽ ഉണ്ടായ കനത്ത പ്രളയത്തിൽ അകപ്പെട്ട മലയാളികളിൽ കൂടുതൽ പേർ മടങ്ങിയെത്തുന്നതായി നോർക്ക റൂട്ട്സ്. നോർക്ക റൂട്ട്സിന്‍റെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ട 52 പേരിൽ 45 പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. ശേഷിക്കുന്ന ഏഴ് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നോർക്ക റൂട്ട്സ് അറിയിച്ചു.

ഇനി കണ്ടെത്താനുള്ള ഏഴ് പേരിൽ ആറ് പേർ വിദേശ പൗരത്വമുള്ളവരാണ്. ഇതിൽ നാല് പേർ ഓസ്ട്രേലിയൻ പൗരന്മാരും ഒരാൾ ബ്രിട്ടീഷ് പൗരനും മറ്റൊരാൾ അമെരിക്കൻ പൗരനുമാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് പ്രസ്താവനയിൽ പറഞ്ഞു.

കൈലാസ് മാനസരോവർ തീർഥാടനത്തിന് പോയ 23 അംഗ സംഘം ഞായറാഴ്ച പുലർച്ചെ 12.30ഓടെ കാഠ്മണ്ഡുവിലെത്തി. സംഘത്തിൽ 19 പേർ മലയാളികളാണ്. കൈലാസ് തീർഥാടനത്തിന്‍റെ ബേസ് ക്യാംപായ ദാർചുലയിൽ താമസിക്കുന്നതിനിടെയാണ് സംഘം പ്രളയത്തിൽ അകപ്പെട്ടത്. തുടർന്ന് കോത്താരി വഴി ഇവരെ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. 23 അംഗ സംഘത്തിലെ മറ്റ് അംഗങ്ങൾ ബ്രിട്ടീഷ് പൗരന്മാരാണ്. ഇവർക്ക് കേരളവുമായി കുടുംബബന്ധമുണ്ടെന്നും നോർക്ക റൂട്ട്സ് അറിയിച്ചു.

ആറ് ഡോക്റ്റർമാരുടെ സംഘവും നേപ്പാളിൽനിന്ന് മടങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. കൈലാസ് മാനസരോവർ തീർഥാടനം പൂർത്തിയാക്കിയ സംഘം ഇന്ത്യയിലേക്ക് യാത്ര തുടരുകയാണ്. ഞായറാഴ്ച വൈകിട്ടോടെ കാഠ്മണ്ഡുവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും സുരക്ഷിതമായാണ് യാത്ര ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.

ട്രാവൽ ഏജൻസി വഴി കാഠ്മണ്ഡുവിലേക്ക് യാത്ര പോയ മറ്റൊരു 44 അംഗ സംഘം ഇന്ത്യയിൽ തിരിച്ചെത്തി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് ബസിൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ട സംഘം ഞായറാഴ്ച രാത്രി 8.30ഓടെ എത്തുമെന്നാണ് പ്രതീക്ഷ. തുടർന്ന് ബസിൽ കോഴിക്കോട്ടേക്ക് യാത്രതിരിക്കുന്ന സംഘം തിങ്കളാഴ്ച രാവിലെ എത്തും.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശപ്രകാരം നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്ന മലയാളികൾക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നോർക്ക റൂട്ട്സ് അറിയിച്ചു. നേപ്പാളിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള മറ്റൊരു 31 അംഗ സംഘം ഞായറാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തി.

logo
Metro Vaartha
www.metrovaartha.com