കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്ക്

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ 30ന് തറക്കല്ലിടും, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം 52.68 കോടി നൽകി
New academic block at Central University of Kerala

ജോർജ് കുര‍്യൻ

Updated on

കാസർഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി പുതിയ അക്കാദമിക് ബ്ലോക്കിന് വ്യാഴാഴ്ച കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ തറക്കല്ലിടും. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎം ജെവികെ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.68 കോടി രൂപയാണ് അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിന് അനുവദിച്ചതെന്ന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. ജയപ്രകാശ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

10 മണിക്ക് പെരിയ ക്യാംപസില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഉദുമ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. ജയപ്രകാശ്, സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. ടി.ജി. സജി എന്നിവര്‍ സംസാരിക്കും. സര്‍വകലാശാലയുടെ കോര്‍ട്ട്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാർഥികള്‍, രാഷ്‌ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖരും അക്കാദമിക് വിദഗ്ധരും ചടങ്ങുകള്‍ക്ക് സാക്ഷിയാകും.

ബിസിനസ് സ്റ്റഡീസ് സ്‌കൂളിന് കീഴിലുള്ള മാനെജ്‌മെന്‍റ് സ്റ്റഡീസ്, ടൂറിസം സ്റ്റഡീസ്, കൊമേഴ്‌സ് ആൻഡ് ഇന്‍റര്‍നാഷണല്‍ ബിസിനസ് എന്നീ പഠന വിഭാഗങ്ങള്‍ക്കായാണ് 4 നിലകളിലുള്ള കെട്ടിടം ഒരുങ്ങുന്നത്. 7,500 സ്‌ക്വയര്‍ മീറ്ററില്‍ കേരളീയ മാതൃകയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 25 സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഡിപ്പാര്ട്ട്‌മെന്‍റല്‍ ലൈബ്രറികള്‍, കംപ്യൂട്ടര്‍ ലാബുകള്‍, ഓഫിസ് മുറികള്‍ എന്നിവയുണ്ടാകും. 50 കിലോ വാട്ട് സോളാര്‍ പവര്‍ പ്ലാന്‍റ്, ഒരുലക്ഷം ലിറ്ററിന്‍റെ മഴവെള്ള സംഭരണി, 500 പേരെ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍ തുടങ്ങിയ പ്രത്യേകതയുമുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയമല്ലാതെ മറ്റൊരു മന്ത്രാലയത്തില്‍ നിന്ന് കേരള കേന്ദ്ര സർവകലാശാലയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2019-2020 വര്‍ഷത്തില്‍ ഹോസ്റ്റല്‍ നിര്‍മാണത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം തുക അനുവദിച്ചിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് ന്യൂനപക്ഷകാര്യമന്ത്രാലയം 19.13 കോടിയും ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് കേന്ദ്ര ന്യൂനപക്ഷ, സാമൂഹ്യ നീതി മന്ത്രലായങ്ങള്‍ ഒരുമിച്ച് 22.26 കോടി രൂപയും നല്‍കി. 2023 ജൂണില്‍ അന്നത്തെ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോണ്‍ ബര്‍ല ഹോസ്റ്റലുകള്‍ ഉദ്ഘാടനം ചെയ്തു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നേറ്റം

സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലുള്ള കേന്ദ്ര സര്‍ക്കാർ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി ഡോ. ജയപ്രകാശ് പറഞ്ഞു.

നിലവില്‍ 26 പഠന വകുപ്പുകള്‍ക്കായി 12 അക്കാദമിക് ബ്ലോക്കുകള്‍ പെരിയ ക്യാംപസിലുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 10 ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നു. ലൈബ്രറിക്ക് സ്വന്തം കെട്ടിടവും ഒരുങ്ങി. ഭരണനിര്‍വഹണ ആസ്ഥാന മന്ദിരം അടുത്തിടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേന്ദ്രം, അതിഥി മന്ദിരം, അധ്യാപക ക്വാര്‍ട്ടേഴ്‌സുകള്‍, ഹോസ്റ്റലുകള്‍ക്ക് പൊതു ഭക്ഷണശാല എന്നിവയും യാഥാർഥ്യമായി.

പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഈ അധ്യയന വർഷം മുതല്‍ മൂന്ന് നാലുവർഷ ബിരുദ പ്രോഗ്രാമുകള്‍ സര്‍വകലാശാല ആരംഭിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രോമുകള്‍ ആരംഭിക്കും. ഫിനാന്‍സ് ഓഫിസര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. സുജിത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com