FASTag റീചാർജ് ചെയ്യാൻ വൈകണ്ട, കാശ് പോകുന്ന വഴിയറിയില്ല | Video

രാജ്യത്തെ ഫാസ്ടാഗ് നിയമങ്ങളിൽ അടിമുടി മാറ്റം. ടോൾ പണമടവുകൾ കാര്യക്ഷമാക്കാനും തർക്കങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയും റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയവും ചേർന്നു ഫാസ്‍ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയത്.

സ്‍കാൻ ചെയ്യുന്നതിന് 60 മിനിറ്റ് മുമ്പ് FASTag കരിമ്പട്ടികയിൽപ്പെടുത്തുക, ഹോട്ട്‌ലിസ്റ്റിൽ വയ്ക്കുക, ടോൾ ബൂത്തിൽ എത്തുന്നതിന് ഒരു മണിക്കൂറിലേറെയായി കുറഞ്ഞ ബാലൻസ് അവശേഷിക്കുക എന്നീ സാഹചര്യങ്ങളിൽ ഇടപാട് നിരസിക്കപ്പെടുമെന്നതാണു പുതിയ നിയമത്തിലെ കാതലായ മാറ്റം.

ഫാസ്‌ടാഗ് സ്‌കാൻ ചെയ്‌ത് 10 മിനിറ്റിന് ശേഷം ടാഗ് കരിമ്പട്ടികയിലാക്കുക, പ്രവർത്തനരഹിതമാകുക എന്നീ സാഹചര്യങ്ങളിലും ഇടപാട് വീണ്ടും നിരസിക്കപ്പെടും. ഈ രണ്ട് ഘട്ടങ്ങളിലും ഫാസ്‍ടാഗ് ഉടമകളിൽ നിന്ന് പിഴയായി ഇരട്ടി ടോൾ ഈടാക്കും.

ഇതൊഴിവാക്കാൻ വീട്ടിൽ നിന്നു പുറപ്പെടുന്നതിന് മുമ്പ് ഫാസ്‌ടാഗ് റീചാർജ് ചെയ്യുക, കൂടാതെ ഫാസ്‌ടാഗ് കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നും ഉറപ്പാക്കുക.

കാർഡ് സസ്പെൻഡ് ചെയ്യുകയോ നിർജീവമാക്കുകയോ ചെയ്യുക എന്നതാണു കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക എന്നതുകൊണ്ട് അർഥമാക്കുന്നത്. കുറഞ്ഞ ബാലൻസ്, കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കാതിരിക്കുക, വാഹനവുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത നിയമപരമായ പ്രശ്‍നങ്ങൾ തുടങ്ങിയ കാരണങ്ങളാണ് കരിമ്പട്ടികയിൽപ്പെടുത്തുന്നതിനു വഴിയൊരുക്കുന്നത്. ഈ പ്രശ്‍നങ്ങൾ പരിഹരിക്കുന്നത് വരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ടാഗ് ടോൾ ബൂത്തുകളിൽ ഉപയോഗിക്കാൻ കഴിയില്ല.

മുമ്പ്, ടോൾ ബൂത്തിൽ ഫാസ്‌ടാഗ് റീചാർജ് ചെയ്‌ത് കടന്നുപോകാമായിരുന്നു. എന്നാൽ ഇനിമുതൽ, ഫാസ്‌ടാഗ് ഉടമകൾ അവരുടെ ഫാസ്‌ടാഗിന്‍റെ സ്റ്റാറ്റസ് മുൻകൂട്ടി പരിശോധിക്കണം. കരിമ്പട്ടികയിൽ ഉൾപ്പെട്ട ഫാസ്‌ടാഗ് അൺബ്ലോക്ക് ചെയ്യാൻ ആദ്യം ഫാസ്‌ടാഗ് അക്കൗണ്ടിൽ കുറഞ്ഞ തുകയെങ്കിലും റീചാർജ് ചെയ്യുക. പണം ചേർത്തു കഴിഞ്ഞാൽ ഫാസ്‌ടാഗിന്‍റെ സ്റ്റാറ്റസ് എന്താണെന്ന് ഒന്ന് പരിശോധിക്കുക. പേയ്‌മെന്‍റ് ശരിയായിട്ടുണ്ടോ എന്നും ഉറപ്പുവരുത്തുക. റീചാർജ് ചെയ്‌താലും ഫാസ്‍ടാഗ് ശരിയായി പ്രവർത്തിക്കാൻ കുറച്ചു സമയമെടുത്തേക്കാം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com