
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പുതിയ അധ്യക്ഷനെയും മെത്രാപ്പൊലീത്തയെയും മൂന്നാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുക്കുമെന്നു സൂചന.
അമെരിക്കയിൽ വാഹനാപകടത്തിൽ മരിച്ച സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ (ബിഷപ്പ് കെ.പി. യോഹന്നാൻ) കബറടക്ക ശുശ്രൂഷ 21ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ സെന്‍റ് തോമസ് കത്തീഡ്രലിലാണ് നടക്കുക. അതിനായി സഭയിലെ എല്ലാ ബിഷപ്പുമാരും എത്തിച്ചേരും. അവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് കബറടക്കത്തിനു ശേഷം രണ്ടാഴ്ചക്കുള്ളിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും.
നിലവിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ 17 ബിഷപ്പുമാർക്കാണ് വോട്ടവകാശമുള്ളത്. സഭാ സിനഡ് ചേർന്ന് വോട്ടെട്ടുപ്പിലൂടെയായിരിക്കും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാളായിരിക്കും അധ്യക്ഷ സ്ഥാനത്തെത്തുക. വോട്ടെടുപ്പ് രണ്ടു തവണ നടത്തിയിട്ടും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ മൂന്നാം തവണ വോട്ടിട്ട് ഇതിൽ കൂടുതൽ വോട്ടു ലഭിക്കുന്നയാളെ സഭാ അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നാണു നിയമം.
വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെയായിരിക്കും. സഭയുടെ സീനിയർ ബിഷപ് സാമുവൽ മാർ തെയോഫിലോസിന്‍റെ നേതൃത്വത്തിലുള്ള 9 അംഗ സമിതിയാണ് ഇപ്പോൾ സഭാ ചുമതലകൾ നിർവഹിക്കുന്നത്.