
നിമിഷ പ്രിയക്കെതിരായ കേസ് കൈകാര്യം ചെയ്യുന്നത് യെമനിലെ വിമത വിഭാഗമായ ഹൂതികളാണെന്നും, അവരുടെ കസ്റ്റഡിയിലാണ് നിമിഷ പ്രിയ എന്നും വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കുടുംബത്തിന് വീണ്ടും പ്രതീക്ഷ പകർന്നുകൊണ്ട് ഇന്ത്യയിലെ യെമൻ എംബസിയുടെ പുതിയ വെളിപ്പെടുത്തൽ. നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നാണ് എംബസി പറയുന്നത്.
യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ് നടക്കുന്നത്. വിമതരുടെ പ്രസിഡന്‍റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചതായി പറയുന്നത്. ഇന്ത്യക്കു വേണ്ടി നിമിഷ പ്രിയയുടെ കേസിൽ ഇടപെടാൻ ഇറാൻ കഴിഞ്ഞ ദിവസം സന്നദ്ധത അറിയിച്ചതാണ് ഈ വെളിപ്പെടുത്തലിലെ പ്രതീക്ഷ. ഇറാന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹൂതികൾ.
നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതികൾ നിയന്ത്രിക്കുന്ന വടക്കന്‍ യെമനിലാണ്. നിമിഷ പ്രിയ കഴിയുന്ന സനായിലെ ജയിലും ഇവരുടെ നിയന്ത്രണത്തിൽ തന്നെയാണ്.
യുഎന്നും ഇന്ത്യയും ഔദ്യോഗികമായി അംഗീകരിക്കുന്നത് ഹൂതി വിഭാഗത്തിന്‍റെ പ്രസിഡന്‍റിനെയല്ല, റാഷീദ് അല്‍ അലിമി നയിക്കുന്ന സര്‍ക്കാരിനെയാണ്. ഹൂതി വിഭാഗത്തെ ഇന്ത്യ പിന്തുണയ്ക്കാത്ത സാഹചര്യത്തിൽ, അവരുമായി ഇന്ത്യക്ക് നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്താൻ സാധിക്കില്ല. എന്നാൽ, വിഷയത്തില്‍ ഇടപെടാന്‍ തയാറായ ഇറാന് അവർക്കു മേൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുകയും ചെയ്യും.