
ന്യൂമാഹിയിൽ മരം മുറിക്കുന്നതിനിടെ നീർകാക്കകൾ ചത്തു; വനംവകുപ്പ് കേസെടുത്തു
കണ്ണൂർ: ന്യൂ മാഹി ടൗണിൽ നിയമം ലംഘിച്ച് മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെ 3 നീർകാക്കകൾ ചത്ത സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. മാഹി പാലത്തിന് സമീപം ഒരു മരവും 2 മരങ്ങളുടെ ചില്ലകളുമാണ് വെട്ടിയത്. ഇതിനു പിന്നാലെ മരത്തിലുണ്ടായിരുന്ന കൂട്ടിലെ പക്ഷികളും കുഞ്ഞുങ്ങളും ചത്തു. കൂടാതെ മുട്ടകളും തകർന്നു. പരുക്കേറ്റ ഒരു പക്ഷികുഞ്ഞിനെ സന്നദ്ധപ്രവർത്തകർ രക്ഷപ്പെടുത്തി.
എന്നാൽ പക്ഷികളുടെ പ്രജനനകാലത്ത് മരംമുറിക്കൽ നിരോധിച്ചിട്ടുണ്ടെന്നും, ഇത് ലംഘിച്ചാണ് ബന്ധപ്പെട്ടവർ മരംമുറിച്ചതെന്നും ഇതിനാൽ സംഭവത്തിൽ ഇവർക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും വനംവകുപ്പ് അറിയിച്ചു. അതേസമയം, അപകട സാധ്യതയുള്ളവ മാത്രമാണ് നീക്കം ചെയ്തതെന്നാണ് ന്യൂ മാഹി പഞ്ചായത്തിന്‍റെ വിശദീകരണം.