

മദ്യപാനം ആരോഗ്യത്തിനു ഹാനികരം
തിരുവനന്തപുരം: കള്ളിന്‍റെ ഉത്പാദനം മുതല്‍ ഉപഭോഗം വരെയുള്ള നടപടികള്‍ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം നടപ്പാക്കാനുള്ള നീക്കത്തിൽ എക്‌സൈസ് വകുപ്പ്. "ട്രാക്ക് ആന്‍ഡ് ട്രേസ്' എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനാണ് വകുപ്പിന്‍റെ തീരുമാനം. വ്യാജ കള്ളിന്‍റെ ഉത്പാദനവും ഉപഭോഗവും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒക്റ്റോബർ ഒന്നിന് ആരംഭിക്കുന്ന കള്ള് ചെത്തല്‍ വര്‍ഷത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ചെത്താന്‍ ഉദ്ദേശിക്കുന്ന എല്ലാ മരങ്ങള്‍ക്കും (തെങ്ങ്/പന) 20നകം നേരിട്ട് നമ്പര്‍ നല്‍കണമെന്നാണ് നിര്‍ദേശം. ഓരോ മരത്തിന്‍റെയും വിവരങ്ങള്‍ ട്രാക്ക് ആന്‍ഡ് ട്രേസ് ആപ്പില്‍ രേഖപ്പെടുത്തി ജിയോ ടാഗ് ചെയ്യണം. ഇതുപ്രകാരം ഡേറ്റാബേസ് തയാറാക്കിയശേഷം മാത്രമേ ലൈസന്‍സിനും ഗതാഗത പെര്‍മിറ്റിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ.
അപേക്ഷ ലഭിച്ചശേഷം ബന്ധപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റർ തോട്ടത്തില്‍ നേരിട്ട് പരിശോധന നടത്തും. ഓരോ മരത്തിന്‍റെയും വിവരങ്ങളും തോട്ടത്തിന്‍റെ ഭൂമിശാസ്ത്രപരമായ കൃത്യമായ സ്ഥാനവും ഉദ്യോഗസ്ഥൻ പരിശോധിക്കും. തോട്ടത്തില്‍ നിന്ന് കള്ള് വാഹനത്തില്‍ കയറ്റുമ്പോള്‍ തന്നെ വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തണം. തോട്ടത്തിന്‍റെ ലൊക്കേഷനില്‍ നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ നിന്നേ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയൂ. ആപ്ലിക്കേഷന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ലൈസന്‍സികള്‍ക്കും പരിശീലനം നല്‍കാനാണ് നീക്കം.
ലൈസന്‍സ് ഉണ്ടെന്ന വ്യാജേന കള്ള് ചെത്ത് നടത്തുന്നെന്നും മരിച്ചുപോയവരുടെ പേരില്‍ ഉള്‍പ്പെടെ ലൈസന്‍സ് കൈപ്പറ്റുകയും ചെയ്യുന്നെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കള്ളിന്‍റെ ഉത്പാദനത്തിലും വിതരണത്തിലും സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. പുതിയ സംവിധാനം വരുന്നതോടെ വ്യാജ കള്ള് വിളമ്പുന്ന ഷാപ്പുകള്‍ക്കു പിടിവീഴുമെന്നാണ് കരുതപ്പെടുന്നത്.