
നവജാത ശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴികൾ തുറന്ന് പരിശോധന നടത്തും
തൃശൂർ: നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കുഴിച്ചു മൂടിയ സംഭവത്തിൽ തിങ്കളാഴ്ച (June 30) കുഴികൾ തുറന്നു പരിശോധന നടത്തും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട വീടിന്‍റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്‍റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തുക.
ഇരുപ്രതികളെയും ഞായറാഴ്ച ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളെ ഉടന്‍ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
2021 ന് നവംബർ 6 ന് ആദ്യത്തെ കുഞ്ഞിനെയും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നുവെന്നാണ് എഫ്ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തി മുണ്ടിനുള്ളിൽ പൊതിഞ്ഞ് ശുചിമുറിയിൽ വച്ചു. 30ന് ഭവിന്‍റെ അമ്മയുടെ വീട്ടിലെത്തിച്ച് കുഴിച്ചു മൂടുകയായിരുന്നു. ആദ്യ കുട്ടിയുടെ കുഴി 8 മാസത്തിനു ശേഷം തുറന്ന് അസ്ഥിയെടുത്തു. രണ്ടാമത്തെ കുട്ടിയുടേത് 4 മാസത്തിനു ശേഷവും അസ്ഥിയെടുത്ത് സൂക്ഷിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 29ന് പുലർച്ചയോടെയായിരുന്നു കുട്ടികളുടെ അസ്ഥിയുമായി ആമ്പലൂർ സ്വദേശി ഭവിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. സഞ്ചിയുമായെത്തിയ ഇയാളെ പൊലീസ് ചോദ‍്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് അനീഷ, ഭവിൻ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ‍്യം ചെയ്തു. ലാബ് ടെക്‌നീഷ‍്യയായ അനീഷയെ 2020ൽ ഫെയ്സ്ബുക്കിലൂടെയാണ് ഭവിൻ പരിചയപ്പെടുന്നത്. അനീഷ ഗർഭം ധരിച്ചതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ല. ശാപമുണ്ടാകാതിരിക്കാനായി മരണാനന്തര ക്രിയ നടത്തുന്നതിനാണ് അസ്ഥികൾ സൂക്ഷിച്ചുവച്ചിരുന്നതെന്നാണ് മൊഴി.
പിന്നീട് അനീഷ വീണ്ടും ഗർഭിണിയാവുകയും വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ച് കൊന്നുവെന്നും അമ്മ നൽകിയ മൊഴിയിലുണ്ട്. മൃതദേഹം ഭവിനു കൈമാറുകയും കുഴിച്ചിടുകയും ചെയ്തു. തുടർന്ന് ഇരുവരുടെയും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാവുകയും അനീഷ വേറെ വിവാഹം കഴിക്കുമോയെന്ന സംശയത്തെത്തുടർന്ന് ഭവിൻ പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു.