newborn baby was killed and buried in alappuzha
ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിRepresentative Image

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; 2 പേർ അറസ്റ്റില്‍

കുഞ്ഞിന്‍റെ അമ്മ തന്നെയാണ് കുഞ്ഞിന്‍റെ മൃതദേഹം ആണ്‍ സുഹൃത്തിന് കൈമാറിയത്
Published on

ആലപ്പുഴ: ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി വിവരം. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ ആൺ സുഹൃത്തും മറ്റൊരാളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതി അവിവാഹിതയാണ്. പ്രസവിച്ച കുഞ്ഞിനെ യുവതി വീടിന്‍റെ സൺഷേഡിൽ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ കാമുകന് കൈമാറുകയായിരുന്നു. പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാമുകന്റെ നാടായ തകഴിയില്‍ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24) ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവർ പൂച്ചാക്കല്‍ പൊലീസ് കസ്റ്റഡിയിലാണ്

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നല്‍കുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോള്‍ അമ്മത്തൊട്ടിലില്‍ ഏല്‍പിച്ചു എന്നാണ് ഇവർ ആദ്യം പറഞ്ഞത്. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കല്‍ പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. അതേ സമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ. കുഞ്ഞിന്‍റെ മൃതദേഹം യുവതി ആണ്‍സുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറി. ഇയാള്‍ മറ്റൊരു സുഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലില്‍ മൃതദേഹം മറവ് ചെയ്ത് എന്നാണ് പൊലീസ് പറയുന്നത്. കുഴിച്ചു മൂടിയ സ്ഥലം വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.