

കോട്ടയം: ഇടുക്കിയിൽ നെടുങ്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന്‍റെ ചിത്രമെടുക്കുന്നതിനിടെ മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകം പ്രതിഷേധിച്ചു. എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ക്ഷണപ്രകാരമാണ് നവകേരള സദസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാധ്യമ സംഘം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പത്ര ഫോട്ടോഗ്രാഫറാണെന്ന് അറിയാതെ അല്ല സുരക്ഷ ഉദ്യോഗസ്ഥന്‍ എയ്ഞ്ചല്‍ അടിമാലിയെ മര്‍ദിച്ചത്. ഇയാളെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും യൂണിയൻ ജില്ലാ ഘടകം ആവശ്യപ്പെട്ടു.
തൊടുപുഴയിലും ചെറുതോണിയിലും അടിമാലിയിലും എയ്ഞ്ചല്‍ മുഖ്യമന്ത്രിയുടെ അടക്കം ചിത്രങ്ങള്‍ വേദിയില്‍ കയറി പകര്‍ത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. ഈ ഉദ്യോഗസ്ഥന്‍ മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു എന്നത് വ്യക്തമാണ്. മന്ത്രിമാരും എംഎം മണി എംഎല്‍എയും സി.വി വര്‍ഗീസും അടക്കമുളള സിപിഎം നേതാക്കൾ ഇടപെട്ടിട്ടും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അതിക്രമം തുടരുകയായിരുന്നു. ഇയാളെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. വിവിധ ജില്ലകളിൽ നടന്ന നവ കേരള സദസിൽ മാധ്യമ പ്രവർത്തകർക്ക് നേരെ ഇത്തരം ആക്രമണങ്ങൾ തുടരുകയാണ്. നവ കേരള സദസ് ഇന്ന് മുതൽ കോട്ടയം ജില്ലയിൽ പ്രവേശിച്ചിരിക്കുകയാണ്. ജില്ലയിലെ പരിപാടികളിൽ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജോലി ചെയ്യാനുളള അവസരം ഒരുക്കണമെന്നും പത്ര പ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യനും, സെക്രട്ടറി റോബിൻ തോമസ് പണിക്കരും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം ഉടുമ്പൻചോല മണ്ഡലത്തിലെ നവ കേരളസദസ് വേദിയായ നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനത്തേക്ക് എത്തിയപ്പോൾ എം.എം മണി എംഎൽഎ മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് എയ്ഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ മുഖ്യസുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിന് പിടിച്ച് മർദിക്കുകയും തള്ളി മാറ്റുകയും ചെയ്തത്. ആദ്യം തള്ളിയപ്പോൾ മാധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞങ്കിലും പിന്നീട് വീണ്ടും മർദിക്കുകയായിരുന്നു. മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും ഇയാൾ പിടിവിടാതെ കഴുത്തിൽ ഞെരിക്കുകയായിരുന്നു.