ഇടവിട്ടുള്ള മഴ സൂക്ഷിക്കണം: ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശം

വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പ്പം പോലും വെള്ളം കെട്ടി നിൽക്കാതെ നോക്കുകയാണ് പ്രധാനം
next sunday should be observed as a dry day in all households
Veena Georgefile

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാന്‍ സാധ്യയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ക്കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണം. ഉറവിട നശീകരണമാണ് ഡെങ്കി, ചിക്കുന്‍ഗുനിയ, സിക്ക പനികളെ തടയാനുള്ള പ്രധാന മാര്‍ഗമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്. റബ്ബര്‍ പ്ലാന്‍റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളില്‍ കമിഴ്ത്തി വയ്ക്കുകയോ അവയില്‍ മഴവെള്ളം കെട്ടി നില്‍ക്കാനുള്ള അവസരങ്ങള്‍ ഇല്ലാതെയാക്കുകയോ വേണം.

സ്വന്തം അധീനതയിലല്ലാത്ത ഇടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍, കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി തൊട്ടടുത്തുള്ള പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെയോ മെഡിക്കല്‍ ഓഫിസറുടെയോ ശ്രദ്ധയില്‍ കൊണ്ടുവരണം. ആക്രി സാധനങ്ങള്‍ മൂടി സൂക്ഷിക്കുക. ശേഖരിച്ച് വയ്ക്കുന്ന വെള്ളം അടച്ച് സൂക്ഷിക്കുക. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഏകോപിപ്പ് പ്രവര്‍ത്തിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗം ചേര്‍ന്ന് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പ്പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കഠിനമായ പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയോടൊപ്പം ഉണ്ടാവാം. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാന്‍ സാധ്യതയുണ്ട്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക, സ്വയം ചികിത്സ പാടില്ല. വീട്ടില്‍ ആര്‍ക്കെങ്കിലും ഡെങ്കിപ്പനി വന്നാല്‍ അത് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശാ വര്‍ക്കര്‍മാരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരിക. പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ഇത് സഹായിക്കും.

Trending

No stories found.

Latest News

No stories found.