തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തോളം ബ്ലോക്കുകളും, മൂക്കിലും തലയിലും ചെവിക്കു പിന്നിലും ചതവുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആഴത്തിലുള്ള മുറിവുകളോ ക്ഷതങ്ങളോ ശരീരത്തിലില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉദരത്തിൽ അസ്വാഭാവികമായ ഗന്ധമില്ലെന്നും ചെറുകുടൽ അടക്കമുള്ള അവയവങ്ങൾ അഴുകിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
രാസ പരിശോധനയ്ക്കായി ശരീരത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തു വന്നാൽ മാത്രമെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ.