

ഗർഭിണിയായപ്പോൾ മുതൽ സംശയം, കുഞ്ഞിനെ അപായപ്പെടുത്താൻ മുൻപും ശ്രമിച്ചു; നിർണായകമായത് ഫൊറൻസിക് സർജന്‍റെ കണ്ടെത്തൽ
നെയ്യാറ്റിൻകര: ഒരു വയസുകാരനായ മകനെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായകമായത് ഫൊറൻസിക് സർജന്‍റെ കണ്ടെത്തൽ. ഒന്നര വയസുകാരനായ ഇഹാനെ അച്ഛൻ ഷിജിൽ വയറ്റിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഴഞ്ഞുവീണ കുട്ടിയുമായി ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ അത്യാഹിത വിഭാഗത്തിലെ ഡോക്‌ടർമാർ അടിവയറ്റിലെ ക്ഷതം കണ്ടെത്തിയിരുന്നു.
കുഞ്ഞ് എവിടെയെങ്കിലും വീണോയെന്ന ഇവരുടെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഷിജിലിന്റെ മറുപടി. പിന്നാലെ പരിശോധിച്ച ഫൊറൻസിക് സർജനും കുഞ്ഞിന്റെ അടിവയറ്റിൽ ക്ഷതമേറ്റതു സ്ഥിരീകരിച്ചു. അതെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പൊലീസിനെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലേക്കു നീങ്ങുകയായിരുന്നു.
രണ്ടര വർഷം മുൻപായിരുന്നു ഷിജിലിന്‍റേയും കൃഷ്ണപ്രിയയുടെയും വിവാഹം. കൃഷ്ണപ്രിയ ഗർഭിണിയായപ്പോൾ തന്നെ ഷിജിലിനു സംശയമായി. ഇതോടെ ഇവർ തമ്മിൽ അകന്നു. കുഞ്ഞു ജനിച്ച ശേഷം വളരെ കുറച്ചുനാൾ മാത്രമാണ് ഒന്നിച്ചു താമസിച്ചത്. ഇഹാന്റെ വലതുകയ്യിൽ അടുത്തയിടെ പ്ലാസ്റ്റർ ഇട്ടിരുന്നു. ഇതും ഷിജിൽ അപായപ്പെടുത്താൻ ശ്രമിച്ചതിനു തെളിവാണെന്നു പൊലീസ് കണ്ടെത്തി. ഇഹാനെയും തന്നെയും ഷിജിൽ ഉപദ്രവിക്കുന്നുവെന്നുകാട്ടി കൃഷ്ണപ്രിയ മുൻപ് പൂവാർ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടക്കത്തിൽ തന്നെ മരണത്തിൽ സംശയം തോന്നിയ പൊലീസ്, ഇഹാന്റെ സംസ്കാരം കഴിഞ്ഞയുടൻ ഷിജിലിനെയും കൃഷ്ണപ്രിയയെയും നെയ്യാറ്റിൻകര സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ ഇരുവരെയും വിട്ടയച്ചെങ്കിലും ഷിജിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് വീണ്ടും ചോദ്യം ഇരുവരേയും ചോദ്യം ചെയ്തു. വ്യക്തമായ തെളിവുകളുടെ മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഷിജിൽ ഒടുവിൽ എല്ലാം വെളിപ്പെടുത്തിയെന്നാണു വിവരം. ഷിജിലിനെ കവളാകുളത്തെ വീട്ടിലെത്തിച്ച് പൊലീസ് ഇന്നലെ തെളിവെടുപ്പു നടത്തി.
കുഞ്ഞിന്റെ രാത്രിയുള്ള കരച്ചിൽ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്നാണ് ഷിജിലിന്റെ മൊഴി. കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ ഇടിക്കുകയായിരുന്നുവെന്നും ഷിജിൽ സമ്മതിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ ആന്തരിക രക്തസ്രാവം പിതാവിന്റെ കൈമുട്ടുകൊണ്ടേറ്റ ക്ഷതത്തെ തുടർന്നുണ്ടായതാണെന്ന് ഇതോടെ വ്യക്തമായി.
കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമായത്.