സ്പ്രിങ്ക്ളർ ഇടപാട്; കോടതിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷ്

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന കോടതിയിൽ ഹാജരായി
സ്വപ്ന സുരേഷ്
സ്വപ്ന സുരേഷ്File Image

തിരുവനന്തപുരം: യുഎസ് കമ്പനിയായ സ്പ്രിങ്‌ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും കോടതിയെയും സമീപിക്കുമെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ്. രേഖകൾ കൈമാറുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സ്വപ്‌നാ സുരേഷ്.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ തിരുവനന്തപുരം കോടതിയിൽ ഹാജരാകാനെത്തിയതായിരുന്നു സ്വപ്ന.

മാസപ്പടി കേസിനെക്കാളും വലുതാണ് സ്പ്രിങ്‌ളർ ഇടപാട്. മനുഷ്യരുടെ ആരോഗ്യ വിവരങ്ങളാണു വിദേശ കമ്പനികൾക്കു വിറ്റത്. അത് രാജ്യത്തിന് വളരെ ദോഷമാണ്. എല്ലാവരും മറന്ന സാഹചര്യത്തിലാണ് സ്പ്രിങ്‌ളർ ഇടപാടിൽ നിയമപോരാട്ടത്തിന് ഒരുങ്ങുന്നതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള മാസപ്പടി കേസും അന്വേഷിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേസ് തെളിയണമെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. സ്പ്രിങ്‌ളർ കേസിൽനിന്ന് ആർക്കും ഒഴിവാകാൻ കഴിയില്ല. മുഖ്യമന്ത്രിയും മകൾ വീണാ വിജയനും അവരുടെ താൽപര്യങ്ങൾക്കായി ഉപയോഗിച്ചെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തന്നോട് പറഞ്ഞിട്ടുണ്ട്. അക്കാര്യം പുറത്തുവരണം. സ്പ്രിങ്‌ളർ ഇടപാടിലെ രേഖകൾ കൈവശമുണ്ട്. അതെല്ലാം അധികൃതർക്ക് മുന്നിൽ ഹാജരാക്കും. ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്വപ്ന പറഞ്ഞു.

സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്‍റോൻമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌ന ഹാജരായത്. കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്‌നാ സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്.കേസിൽ സ്വപ്നാ സുരേഷ് ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

അതേസമയം സ്പേസ് പാർക്കിൽ കൺസൾട്ടന്‍റായി നിയമിച്ച സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കത്ത് നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്നാണ് പിഡബ്ല്യുസിയുടെ നിലപാട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com