
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിൽ എൻഐഎ കോടതി വിധി പ്രസ്താവിച്ചു. ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അഞ്ച് പേരെ വെറുതെ വിട്ടു.
നാസർ, സജിൻ, നജീബ്, നൗഷാദ്, യൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവരുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും.
ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെ വെറുതെവിട്ടു. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞെന്നു കണ്ടെത്തിയ കോടതി, ഗൂഢാലോചന,ആയുധം കൈവശം വയ്ക്കൽ,ഒളിവിൽ പോകൽ, ആയുധം കൊണ്ട് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ തെളിഞ്ഞതായി ചൂണ്ടിക്കാട്ടി.
യുഎപിഎ ചുമത്തിയ കേസിൽ കൊച്ചി എൻഐഎ കോടതിയാണ് രണ്ടാംഘട്ട വിധി പറഞ്ഞത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് എം.കെ. നാസർ ഉൾപ്പെടെ 11 പേരുടെ വിചാരണ ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു. ആദ്യഘട്ട വിചാരണ പൂർത്തിയാക്കി കോടതി 2015 ഏപ്രിൽ 30 ന് വിധി പറയുകയും ചെയ്തു. അന്ന് 37 പ്രതികളിൽ 11 പേരെയാണ് ശിക്ഷിച്ചത്. 18 പേരെ വെറുതെ വിട്ടു. ഇതിനു ശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്.
2010 മാർച്ച് 23നാണ് തൊടുപുഴ ന്യൂമാൻ കോളെജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീഷ ചോദ്യപ്പേറിൽ മതനിന്ദയുണ്ടെന്നാരോപിച്ച് മത തീവ്രവാദികൾ പ്രൊഫ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പലപ്പോഴായായണ് അറസ്റ്റ് ചെയ്തത്.